'രമണ്‍ മഗ്‌സസെ കമ്മ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തിയ നേതാവ്': മഗ്‌സസെ പുരസ്‌കാരം സ്വീകരിക്കുന്നതില്‍നിന്ന് പാര്‍ട്ടി മുന്‍മന്ത്രി കെ കെ ഷൈലജയെ തടഞ്ഞു?
കൊച്ചി: മുന്‍ ഫിലപ്പീന്‍സ് നേതാവ് രമണ്‍ മഗ്‌സെസെയുടെ പേരിലുള്ള മഗ്‌സെസെ പുരസ്‌കാരം സ്വീകരിക്കുന്നതില്‍നിന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറെ സിപിഎം തടഞ്ഞു. ഈ ആഗസ്റ്റില്‍ പ്രഖ്യാപിക്കാനിരുന്ന പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിച്ചത്. പുരസ്‌കാരം സ്വീകരിക്കാനുള്ള അനുമതി തേടി അയച്ച ഇ മെയിലിന് ടീച്ചര്‍ നിഷേധാത്മകമായി മറുപടി പറഞ്ഞുവെന്ന് ന്യൂ ഇന്ത്യന്‍ എസ്പ്രസ് പത്രമാണ് റിപോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ജൂലൈയിലാണ് ഇതുസംബന്ധിച്ച അനുമതിക്കുവേണ്ടി മഗ്‌സസെ പുരസ്‌കാര നിര്‍ണയന സമിതി ടീച്ചര്‍ക്ക് കത്തയച്ചത്.
കൊവിഡ്, നിപ്പ കാലത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് കെ കെ ഷൈലജ ടീച്ചറെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൊവിഡിനെയും നിപ്പയെയും മെച്ചപ്പെട്ട രീതിയില്‍ പ്രതിരോധിച്ചുവെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.
മറുപടി അയക്കുന്നതിനുവേണ്ടി ഷൈലജ ടീച്ചര്‍ കത്ത് പാര്‍ട്ടിയെ ഏല്‍പ്പിച്ചു. കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമായിരുന്നില്ലെന്നും കൂട്ടായ ശ്രമങ്ങളുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി പുരസ്‌കാരം വേണ്ടെന്നുവയ്ക്കാന്‍ പാര്‍ട്ടി ഉപദേശിച്ചു. അതനുസരിച്ച് ടീച്ചര്‍ മറുപടി അയച്ചു. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊലപ്പെടുത്തിയ ആളാണ് രമണ്‍ മഗ്‌സസെയെന്നും അത്തരമൊരാളുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കരുതെന്നും പാര്‍ട്ടി ഉപദേശിച്ചു.
പൊതുജനസേവനം, പത്രപ്രവര്‍ത്തനം, സമാധാനം എന്നിവയ്ക്ക് ഫിലിപ്പീന്‍സ് പ്രസിഡണ്ട് രമണ്‍ മാഗ്‌സസെയുടെ ഓര്‍മ്മയ്ക്കായ നല്‍കുന്നതാണ് മാഗ്‌സസെ പുരസ്‌കാരം. ഏഷ്യയിലെ നൊബേല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. 1957 ഏപ്രില്‍ മുതല്‍ പുരസ്‌കാരം നല്‍കിത്തുടങ്ങി. ആചാര്യ വിനോബാ ഭാവേ, ജയപ്രകാശ് നാരായണ്‍, മദര്‍ തെരേസ, ബാബാ ആംതെ, അരുണ്‍ ഷൂറി, ടി.എന്‍. ശേഷന്‍, കിരണ്‍ ബേദി, മഹാശ്വേതാ ദേവി, വര്‍ഗ്ഗീസ് കുര്യന്‍, കുഴന്തൈ ഫ്രാന്‍സിസ്, ഡോ. വി. ശാന്ത, അരവിന്ദ് കെജ്രിവാള്‍, ടി.എം. കൃഷ്ണ, ഇള ഭട്ട് തുടങ്ങിയവരാണ് ഈ പുരസ്‌കാരം നേരത്തെ നേടിയ ഇന്ത്യക്കാര്‍.