ഇടുക്കിയിലെ പ്രശ്‌നക്കാരായ കാട്ടാനകളെ കണ്ടെത്താന്‍ ദ്രുതകര്‍മ സേന; ഇന്ന് ഡ്രോണ്‍ നിരീക്ഷണം നടക്കും
ഇടുക്കി: ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ തുടരുന്ന കാട്ടാനകളെ നിരീക്ഷിക്കാന്‍ വയനാട്, ഇടുക്കി ദ്രുതകര്‍മ സേനകളുടെ സംയുക്ത പരിശോധന ഇന്ന് നടക്കും. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ ആനകള്‍ എവിടെയാണുള്ളതെന്ന് കൃത്യമായി ലൊക്കേറ്റ് ചെയ്യും. പ്രശ്‌നക്കാരായ മൂന്ന് കൊമ്പന്‍മാരെ പിടികൂടുക എന്നതാണ് നാട്ടുകാരുടെ അടിയന്തര ആവശ്യം. കഴിഞ്ഞ മൂന്നുദിവസമായി ദ്രുതകര്‍മ സേന ഇവിടെ പരിശോധന നടത്തിവരികയാണ്. എന്നാല്‍, ഇതുവരെ ഒരു കൊമ്പനെ മാത്രമാണ് കണ്ടെത്താനായത്. പ്രദേശത്തെക്കുറിച്ച് കൂടുതല്‍ അറിയുന്ന ഇടുക്കി ആര്‍ആര്‍ടിയും ഇന്ന് വയനാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പമുണ്ടാവും. ആനയെ കണ്ടത്തിയ ശേഷം മയക്കുവെടിവച്ച് റേഡിയോ കോളര്‍ ധരിപ്പിച്ച ശേഷം കാട്ടിലേക്ക് വിടാനാണ് വനംവകുപ്പിന്റെ നീക്കമെന്നാണ് വിവരം. സംഘതലവനായ അരുണ്‍ സക്കറിയ ഇന്ന് വൈകീട്ടോടെ ഇവിടെയെത്തും. അതിന് മുമ്പ് ആനകളെ കണ്ടെത്തുകയാണ് ലക്ഷ്യം.