അപൂര്‍വ്വ ഇനം പല്ലികളുമായി മൂന്നു പേര്‍ അറസ്റ്റില്‍; ഒന്നിന് 60 ലക്ഷം രൂപയെന്ന് അസം പോലിസ്

ദിബുഗഡ്(അസം): അപൂര്‍വ്വ ഇനം പല്ലികളുമായി മൂന്നുപേരെ അസം പോലിസ് അറസ്റ്റ് ചെയ്തു. ടോകായ് ജെക്കോ എന്ന ഇനത്തിലെ പതിനൊന്ന് പല്ലികളെയാണ് പിടിച്ചെടുത്തതെന്ന് പോലിസ് അറിയിച്ചു. ഒരു പല്ലിയ്ക്ക് കരിഞ്ചന്തയില്‍ 60 ലക്ഷം രൂപ വില വരുമെന്ന് പോലിസ് അറിയിച്ചു.

പ്രതികളായ ദേബാശിഷ്, മനാഷ്, ദീപാങ്കര്‍ എന്നിവര്‍ പല്ലികളെ അരുണാല്‍ പ്രദേശിലെ വനത്തില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് ചൈനയിലേക്ക് കയറ്റി അയക്കാന്‍ ശ്രമിക്കുമ്പോഴാണ് പോലിസ് പിടിയിലായത്. ചൈനയില്‍ ചിലയിനം മരുന്നുകള്‍ക്കായി ഇവയെ ഉപയോഗിക്കുന്നുണ്ടെന്നാണ് പോലിസ് പറയുന്നത്. ഈ പല്ലികളുടെ ശരീരത്തില്‍ നിന്നും കുത്തിയെടുക്കുന്ന സ്രവം കാന്‍സര്‍ ചികില്‍സക്ക് ചിലര്‍ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.