മുംബൈ: റിപോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തിയതായി റിസര്‍വ് ബാങ്ക്. ധന നയ യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായ ആറാം തവണയും റിപോ നിരക്ക് മാറ്റമില്ലാതെ തുടരും. പണപ്പെരുപ്പം കുറയുന്നതാണ് നയപരമായ നിലപാട് തദ്സ്ഥിതി നിലനിര്‍ത്തുന്നതിന് കാരണം. പണപ്പെരുപ്പം തടയാന്‍ 2023 ഫെബ്രുവരിയില്‍ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2023 ജൂലൈയില്‍ 7.44 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയ ശേഷം നടപ്പുസാമ്പത്തിക വര്‍ഷത്തിലെ റീട്ടെയില്‍ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി(എംപിസി) ചൊവ്വാഴ്ചയാണ് യോഗം ആരംഭിച്ചത്. ആറില്‍ അഞ്ച് അംഗങ്ങളും നിരക്ക് തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. റിപോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് വിദഗ്ധരും പ്രതീക്ഷിച്ചിരുന്നു. പുതിയ പ്രഖ്യാപനത്തോടെ, റിവേഴ്‌സ് റിപോ നിരക്ക് 3.75%, ബാങ്ക് നിരക്ക് 6.75%, മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്ക് 6.25%, സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25% എന്നിങ്ങനെയാണ്. വളര്‍ച്ചയുടെ ലക്ഷ്യം കണക്കിലെടുത്ത് പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കുന്നതിന് പോളിസി റിപോ നിരക്ക് തീരുമാനിക്കാനുള്ള ഉത്തരവാദിത്തം മോണിറ്ററി പോളിസി കമ്മിറ്റിക്കാണ്.