സബ്‌സിഡി മണ്ണെണ്ണ വിതരണം പുനസ്ഥാപിച്ച് മത്സ്യബന്ധന മേഖലയെ രക്ഷിക്കണം: കെകെ അബ്ദുല്‍ ജബ്ബാര്‍
മത്സ്യഫെഡ് വഴി നല്‍കുന്ന മണ്ണെണ്ണ വിതരണവും താളംതെറ്റിയതോടെ പല വള്ളക്കാരും കടലില്‍പോകുന്നതു തന്നെ നിര്‍ത്തിയിരിക്കുകയാണ്
തിരുവനന്തപുരം: സബ്‌സിഡി മണ്ണെണ്ണ വിതരണം പുനസ്ഥാപിച്ച് മല്‍സ്യ ബന്ധന മേഖലയെ രക്ഷിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെകെ അബ്ദുല്‍ ജബ്ബാര്‍. പെര്‍മിറ്റുളള വള്ളങ്ങള്‍ക്ക് സിവില്‍ സപ്ലൈസ് വഴിയുള്ള മണ്ണെണ്ണ വിതരണം രണ്ട് മാസത്തോളമായി നിലച്ചിരിക്കുകയാണ്. മത്സ്യഫെഡ് വഴി നല്‍കുന്ന മണ്ണെണ്ണ വിതരണവും താളംതെറ്റിയതോടെ പല വള്ളക്കാരും കടലില്‍പോകുന്നതു തന്നെ നിര്‍ത്തിയിരിക്കുകയാണ്.
മണ്ണെണ്ണ ലിറ്ററിന് 50 രൂപയായിരുന്ന സമയത്തായിരുന്നു 25 രൂപ സബ്‌സിഡി പ്രഖ്യാപിച്ചത്. എന്നാല്‍ മണ്ണെണ്ണ വില 66 രൂപ ആയിട്ടും സബ്‌സിഡി നിരക്കില്‍ വര്‍ദ്ധനവുണ്ടായിട്ടില്ലെന്നു മാത്രമല്ല സബ്‌സിഡി മണ്ണെണ്ണ വിതരണം തന്നെ നിര്‍ത്തിയിരിക്കുകയാണ്. മണ്ണെണ്ണ ദൗര്‍ലഭ്യത്തിന്റെ ഉത്തരവാദിത്വം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വറുതിയിലാവുന്നത് മത്സ്യബന്ധനത്തെയും വിപണനത്തേയും ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ്. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കടലില്‍ പോകണമെങ്കില്‍ കരിഞ്ചന്തയില്‍ നിന്ന് 100 രൂപ വരെ വില കൊടുത്ത് മണ്ണെണ്ണ വാങ്ങേണ്ട ഗതികേടാണ്. കടലില്‍ മല്‍സ്യലഭ്യത കൂടി കുറഞ്ഞതോടെ ഈ മേഖല ഗുരുതര പ്രതിസന്ധിയെയാണ് നേരിടുന്നത്. സബ്‌സിഡിയോടു കൂടി മണ്ണെണ്ണ വിതരണം പുനസ്ഥാപിച്ച് മല്‍സ്യ ബന്ധനമേഖലയെ രക്ഷിക്കണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.