മുംബൈയില്‍ പ്രതിദിന കൊവിഡ് ബാധയില്‍ റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനുളളില്‍ രോഗം സ്ഥിരീകരിച്ചത് 5,185 പേര്‍ക്ക്
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മാത്രം 5,185 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 48 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നു മാത്രം 6 പേര്‍ രോഗം ബാധിച്ച് മരിച്ചു.
5,000 പേരില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് മുംബൈയില്‍ ഇതാദ്യമാണ്.
ചൊവ്വാഴ്ച ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ കണക്കുപ്രകാരം 3,512 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. തിങ്കളാഴ്ച അപേക്ഷിച്ച് ചൊവ്വാഴ്ച 8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഞായറാഴ്ച 3,775 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മുംബൈയില്‍ ഹോളി ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 28-29 തിയ്യതികളിലാണ് ഹോളി ആഘോഷം. വിലക്ക് ലംഘിച്ച് ഹോളി ആഘോഷിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയമമനുസരിച്ച് കേസെടുക്കും.
പൊതു സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് റാന്‍ഡം അടിസ്ഥാനത്തില്‍ ആന്റിജന്‍ പരിശോധന നടത്തുന്നുണ്ട്.
ജനങ്ങള്‍ ആരോഗ്യനിബന്ധനകള്‍ വ്യാപകമായി ലംഘിച്ചാല്‍ ലോക്ക് ഡൗണ്‍ തിരികെക്കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പുനല്‍കി.
ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം വരവിലും ആദ്യ ഘട്ടത്തിലും രോഗം ഏറ്റവും തീവ്രമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെ 2.3 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. 53,000 പേര്‍ മരിക്കുകയും ചെയ്തു.
ബുധനാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്ത് 31,855 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച അത് 28,699 ആയിരുന്നു.
പഞ്ചാബിലെയും മഹാരാഷ്ട്രയിലും സ്ഥിതി ഗുരുതരമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ രംഗത്തുവന്നിരുന്നു.