റെഡ് അലര്‍ട്ട്: എറണാകുളം ജില്ലയില്‍ അടിയന്തര യോഗം നടന്നു; സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമെന്ന് ജില്ലാ കലക്ടര്‍

Update: 2021-07-11 05:51 GMT

എറണാകുളം: ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ ജില്ലയെ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ല കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമിന്റെ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

റെഡ് അലെര്‍ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താലൂക് തലത്തില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീമിന്റെ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും ഓറഞ്ച് പുസ്തകത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വീഴ്ചയും കൂടാതെ പിന്തുടരാനും ജില്ലാ കളക്ടര്‍ എസ് സുഹാസ് തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. എന്‍ഡിആര്‍എഫിന്റെ സഹായം വേണ്ടിവരുന്ന സ്ഥലങ്ങളില്‍ അത് തേടാന്‍ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പോലിസ്, താലൂക്ക്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം ഉറപ്പാക്കണം. തടസ്സമില്ലാത്ത ആശയവിനിമയ സംവിധാനങ്ങള്‍ ഉറപ്പ് വരുത്താന്‍ ബിഎസ്എന്‍എല്ലിനും പോലിസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫീല്‍ഡ് ലെവല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനായി മെഡിക്കല്‍ ടീമുകള്‍ തയ്യാറായിരിക്കാനും പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നിയന്ത്രണ നടപടികള്‍ ഉറപ്പാക്കാനും ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി.

വില്ലേജ് ഓഫിസര്‍മാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ക്വാറി പ്രദേശത്ത് കുറഞ്ഞത് 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം ഉണ്ടാക്കുന്നത് വരെ ക്വാറി സ്‌ഫോടനം നിരോധിക്കാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

മൂന്ന് മണിക്കൂറിനുള്ളില്‍ ജില്ലയിലെ എല്ലാ നദികളുടെ ജലനിരപ്പ് നിരീക്ഷിക്കാനും ജലനിരപ്പ് ഉയരുകയാണെങ്കില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ വേണ്ട നടപടി എടുക്കാന്‍ ഇറിഗേഷന്‍ വകുപ്പിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി . മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഗതാഗതം നിരോധിക്കാനും എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News