ചെങ്കോട്ടയിലെ സംഘര്‍ഷം: കര്‍ഷക സമരത്തെ പൊളിക്കാന്‍ ഗൂഢാലോചന നടന്നതായി കബില്‍ സിബല്‍

Update: 2021-01-30 16:08 GMT

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങള്‍ ആസൂത്രിതവും ഗൂഢാലോചനപരവുമാണെന്ന സംശയമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍. കര്‍ഷക സമരത്തെ തകര്‍ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചെങ്കോട്ടയിലെ സംഭവങ്ങളെന്നും അദ്ദേഹം ആരോപിച്ചു. റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ സുരക്ഷ ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്നും സിബല്‍ എഎന്‍ഐയോട് പറഞ്ഞു.

''ഞാന്‍ ചെങ്കോട്ടയില്‍ നിരവധി തവണ പോയിട്ടുണ്ട്. അനുമതിയില്ലാതെ ഒരാള്‍ക്കും അങ്ങോട്ട് പോകാനാവില്ല. റിപബ്ലിക് ദിനത്തില്‍ സുരക്ഷ ഏറ്റവും ഉയര്‍ന്ന തലത്തിലായിരിക്കും. പക്ഷേ, അന്നേ ദിവസം ഇവര്‍ നേരെ ചെങ്കോട്ടയിലേക്ക് കയറിപ്പോവുകയായിരുന്നു. തങ്ങളെ ആരും തടയുകയില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. അവരെ എന്താണ് തടയാതിരുന്നത്? അവരെങ്ങനെ ചെങ്കോട്ടയിലെത്തി''-സിബല്‍ ചോദിച്ചു.

കര്‍ഷക സമരത്തില്‍ തെറ്റായ ചിലരുണ്ട്. പക്ഷേ, അവരെ ഖാലിസ്ഥാനികളെന്ന് വിളിക്കുന്നത് കര്‍ഷക സമരത്തിന് ദോഷകരമായി ബന്ധിക്കുമെന്ന് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ സിബല്‍ പറഞ്ഞു.

ഗാസിപൂരില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ ഖാലിസ്ഥാനിഖളായിരുന്നോ? രാകേഷ് ടിക്കായത്ത് ഖാലിസ്ഥാനിയാണോ? സിബല്‍ ചോദിച്ചു.

കര്‍ഷക സമരം ജനകീയ സമരമാണ്. അതിനെതിരേ ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമത്തിനെതിരേയുളള സമരത്തിന്റെ ഭാഗമായാണ് കര്‍ഷക സംഘടനകള്‍ റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തിയത്. ട്രാക്ടര്‍ റാലിക്കിടയില്‍ ഏതാനും പ്രവര്‍ത്തകര്‍ ചെങ്കോട്ടയില്‍ കര്‍ഷക സംഘടനകളുടെ കൊടി ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു.

Tags:    

Similar News