കീഴ് ജാതിക്കാരനില്‍ നിന്ന് ഭക്ഷണം സ്വീകരിക്കില്ലെന്ന്;യുപിയില്‍ ഡെലിവറി ബോയുടെ മുഖത്ത് തുപ്പി കസ്റ്റമര്‍

വിനീതിന്റെ മുഖത്ത് തുപ്പുകയും,ആളുകളെ വിളിച്ച്കൂട്ടി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി വിനീത് പറഞ്ഞു.

Update: 2022-06-20 10:22 GMT

ലഖ്‌നോ: യുപിയില്‍ ജാതിയുടെ പേരില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരന്റെ മുഖത്ത് തുപ്പുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത് കസ്റ്റമര്‍.ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാനെത്തിയ സൊമാറ്റോ ജീവനക്കാരന്‍ വിനീത് കുമാറിനാണ് ജാതി അധിക്ഷേപവും മര്‍ദനവും നേരിടേണ്ടി വന്നത്.വിനീത് കുമാറിനെ മര്‍ദ്ദിച്ച അജയ്‌സിങിനെതിരേ എസ്‌സി എസ്ടി വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു.

ഉത്തര്‍ പ്രദേശിലെ ലഖ്‌നോയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.ഓഡര്‍ ചെയ്ത ഭക്ഷണവുമായി എത്തിയ വിനീത് കുമാറിനോട് കസ്റ്റമര്‍ പേരും ജാതിയും ചോദിക്കുകയും ദലിതനാണെന്ന് അറിഞ്ഞതോടെ തൊട്ടുകൂടാത്തയാളുടെ കൈയില്‍ നിന്ന് ഭക്ഷണം വാങ്ങില്ലെന്നും 'അണ്‍ടച്ചബിള്‍' എന്ന് വിളിക്കുകയും ചെയ്തതായി വിനീത് കുമാര്‍ പരാതിയില്‍ പറഞ്ഞു.തുടര്‍ന്ന്, വിനീതിന്റെ മുഖത്ത് തുപ്പുകയും,ആളുകളെ വിളിച്ച്കൂട്ടി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി വിനീത് പറഞ്ഞു. വിനീത് സഞ്ചരിച്ചിരുന്ന ബൈക്കും ഇയാള്‍ പിടിച്ച് വച്ചു.കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയാണ് ബൈക്ക് വീണ്ടെടുക്കാന്‍ വിനീതിനെ സഹായിച്ചത്.

നാല് വര്‍ഷമായി സൊമാറ്റോയിലെ ജീവനക്കാരനാണ് വിനീത് കുമാര്‍.വിനീതിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌സി, എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമങ്ങളും മറ്റ് വകുപ്പുകള്‍ പ്രകാരവും പ്രതിക്കെതിരേ കേസെടുത്തതായി ഈസ്റ്റ് സോണ്‍ അഡീഷണല്‍ പോലിസ് കമ്മീഷണര്‍ കാസിം ആബിദി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും, പ്രതിയെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. കന്റോണ്‍മെന്റ് എസിപിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.



Tags:    

Similar News