ദുരിതാശ്വാസ സഹായം: അഫ്ഗാന്‍ ആഭ്യന്തര മന്ത്രി യുഎന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
കാബൂള്‍: ആഭ്യന്തര യുദ്ധത്തിനൊടുവില്‍ അധികാരത്തില്‍ വന്ന അഫ്ഗാന്‍ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനി യുഎന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം നാശം വിതച്ച പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനാണ് ഹഖാനി യുഎന്‍ ഉദ്യോഗസ്ഥ ദെബോറ ലിയോണുമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവിട്ടത്. ചൊവ്വാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
ദെബോറ ലിയോനൊപ്പം യുഎന്‍ എയ്ഡിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നതായി അദ്ദേഹം അറിയിച്ചു.
ഏതാനും വര്‍ഷമായി തുടരുന്ന യുഎസ് അധിനിവേശവും ആഭ്യന്തര യുദ്ധവും അഫ്ഗാന്‍ സമ്പദ്ഘടനയില്‍ വലിയ തോതിലുള്ള സങ്കീര്‍ണതകള്‍ക്ക് കാരണമായിരുന്നു. ജനങ്ങളുടെ കൈവശം പണം ഇല്ലാതായതോടെ തങ്ങളുടെ പക്കലുള്ള നിത്യോപയോഗ സാധനങ്ങള്‍ വിറ്റഴിച്ച് പണം സ്വരൂപിക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഏത് സാഹചര്യത്തിലും അഫ്ഗാനിലെ കോടിക്കണക്കിന് പൗരന്മാര്‍ക്ക് ദുരിതാശ്വാസ സഹായം എത്തിക്കാന്‍ യുഎന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജറിക് പറഞ്ഞു.
അഫ്ഗാനിലെ ജനങ്ങള്‍ അങ്ങേയറ്റം ദുരിതമയമായ അനുഭവങ്ങളിലൂടെയാണ് കടുന്നുപോകുന്നതെന്നും അവര്‍ക്ക് സഹായമെത്തിക്കുക അന്താരാഷ്ട്ര സമൂഹത്തിന്റെ ബാധ്യതയാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട്‌റസ് പറഞ്ഞു.