അമേരിക്കയില്‍ മുസ്‌ലിം വിരുദ്ധത വര്‍ധിച്ചതായി റിപോര്‍ട്ട്

Update: 2025-03-11 09:44 GMT
അമേരിക്കയില്‍ മുസ്‌ലിം വിരുദ്ധത വര്‍ധിച്ചതായി റിപോര്‍ട്ട്

വാഷിങ്ടണ്‍: ഇസ്രായേല്‍-ഗാസ യുദ്ധം നടന്നു കൊണ്ടിരിക്കെ 2024 ല്‍ അമേരിക്കയില്‍ മുസ്‌ലിംകള്‍ക്കും അറബികള്‍ക്കും എതിരായ വിവേചനവും ആക്രമണങ്ങളും വര്‍ധിച്ചതായി റിപോര്‍ട്ട്.കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ് ലാമിക് റിലേഷന്‍സ് ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു റിപോര്‍ട്ടിലാണ് കഴിഞ്ഞ വര്‍ഷം മുസ് ലിം വിരുദ്ധ, അറബ് വിരുദ്ധ സംഭവങ്ങളുമായി ബന്ധപ്പെട്ട് 8,658 പരാതികള്‍ ലഭിച്ചതായി പറയുന്നത്, 1996 ല്‍ ഡാറ്റ സമാഹരിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്.

ആകെയുള്ള പരാതികളില്‍ 15.4 ശതമാനം തൊഴില്‍ വിവേചനവുമായി ബന്ധപ്പെട്ട പരാതികളാണ്. കുടിയേറ്റം, അഭയം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ 14.8 ശതമാനവും വിദ്യാഭ്യാസം 9.8 ശതമാനവും വിദ്വേഷ കുറ്റകൃത്യങ്ങള്‍ 7.5 ശതമാനവുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

2023 ഒക്ടോബറില്‍ ഇസ്രായേല്‍ ഗസയില്‍ ആക്രമണം നടത്തിയതിനുശേഷം ഇസ് ലാമോഫോബിയ, അറബ് വിരുദ്ധ പക്ഷപാതം, ജൂതവിരുദ്ധത എന്നിവ വര്‍ദ്ധിച്ചതായി മനുഷ്യാവകാശ വക്താക്കള്‍ ഉയര്‍ത്തിക്കാട്ടി.18 മാസം മുമ്പ് ആറ് വയസ്സുള്ള ഒരു ഫലസ്തീന്‍ അമേരിക്കന്‍ ആണ്‍കുട്ടിയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ മാസം ഒരാള്‍ വിദ്വേഷ കുറ്റകൃത്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

2023 അവസാനം മുതലുള്ള സംഭവങ്ങളില്‍ ടെക്‌സാസില്‍ മൂന്ന് വയസ്സുള്ള ഒരു ഫലസ്തീന്‍ അമേരിക്കന്‍ പെണ്‍കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്, ടെക്‌സാസില്‍ തന്നെ ഒരു ഫലസ്തീന്‍ അമേരിക്കന്‍ പുരുഷനെ കുത്തിക്കൊലപ്പെടുത്തിയത്, ന്യൂയോര്‍ക്കില്‍ ഒരു മുസ് ലിം പുരുഷനെ മര്‍ദിച്ചത്, ഫ്‌ലോറിഡയില്‍ ഫലസ്തീന്‍ ആണെന്ന് സംശയിക്കുന്ന രണ്ട് ഇസ്രായേലി സന്ദര്‍ശകരെ വെടിവച്ചുകൊന്നത് എന്നിവ അതില്‍ ഉള്‍പ്പെടുന്നു.യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഇസ്രായേലിനുള്ള യുഎസ് പിന്തുണ അവസാനിപ്പിക്കണമെന്ന് മാസങ്ങളായി പ്രതിഷേധം അരങ്ങേറുകയാണ്. 2024 ലെ വേനല്‍ക്കാലത്ത് ക്ലാസുകള്‍ റദ്ദാക്കുകയും സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ രാജിവയ്ക്കുകയും വിദ്യാര്‍ഥി പ്രതിഷേധക്കാരെ സസ്പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തതും ലോസ് ഏയ്ഞ്ചലസിലെ കാലഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണവും റിപോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

Tags:    

Similar News