ഫേസ്ബുക്കിലൂടെ ആദിവാസി ഭൂസമരക്കാര്‍ക്ക് സഹായ അഭ്യര്‍ത്ഥന; പ്രഫ. കുസുമം ജോസഫിനെതിരേയുള്ള കേസ് പിന്‍വലിക്കണമെന്ന് സുനില്‍ പി ഇളയിടം
കൊച്ചി: പ്രൊഫ. കുസുമം ജോസഫിനെതിരെ കേരള പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ഉടനടി പിന്‍വലിക്കണമെന്ന് എഴുത്തുകാരനും ഇടത് സൈദ്ധാന്തികനുമായ സുനില്‍ പി ഇളയിടം. അരിപ്പയില്‍ ഭൂസമരത്തിലേര്‍പ്പെട്ട ആദിവാസികള്‍ക്ക് ലോക് ഡൗണ്‍ കാലത്ത് ഭക്ഷണം എത്തിക്കണം എന്നാവശ്യപ്പെട്ടാണ് പ്രൊഫ. കുസുമം ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ഫേസ്ബുക് പോസ്റ്റ് കലാപത്തിനുള്ള ആഹ്വാനമാണെന്ന പോലീസ് നിലപാടിന് യാതൊരു ന്യായീകരണവുമില്ല. അതിന്റെ പേരില്‍ കേസ് എടുക്കുന്നത് തികഞ്ഞ നീതി നിഷേധമാണ്. പ്രാഥമികമായ പൗരാവകാശങ്ങള്‍ക്കു മേലുള്ള പോലിസിന്റെ കയ്യേറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.
നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്ത പോലിസ് 72 മണിക്കൂറിനുള്ളില്‍ ഫോണ്‍ സ്റ്റേഷനില്‍ ഹാജരാക്കാനാണ് കുസുമം ജോസഫിനു നോട്ടിസ് നല്‍കിയിരിക്കുന്നത്. 2020 ഏപ്രിലില്‍ ആദ്യ ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങാന്‍ കഴിയാതെ അരിപ്പ സമരഭൂമയില്‍ കുടില്‍ കെട്ടി താമസിക്കുന്ന 160ലധികം പേര്‍ പട്ടിണിയിലാണെന്നും അവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നുമാണ് കുസുമം ജോസഫ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.