സംവരണം അട്ടിമറിച്ച് അധ്യാപക നിയമന നീക്കം റദ്ദാക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2020-09-04 13:07 GMT

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തില്‍ സംവരണ വിഭാഗങ്ങളുടെ അര്‍ഹതപ്പെട്ട അന്‍പതോളം തസ്തികകള്‍ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള അധദ്ധ്യാപക നിയമനത്തിനായുള്ള സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. അസി. പ്രഫസര്‍ തസ്‌കിതയില്‍ മാത്രം പിന്നാക്ക വിഭാഗങ്ങളായ വിശ്വകര്‍മ 8, മുസ് ലിം 7, നാടാര്‍ 5, ധീവര 1, ഈഴവ/തിയ്യ/ബില്ലവര്‍ 2, മറ്റുള്ളവര്‍ 2 എന്നിങ്ങനെയും എസ് സി, എസ് ടി വിഭാഗത്തില്‍ നിന്ന് 1 ഉം ബാക്ക് ലോഗ് നിലവിലുണ്ട്. ഭിന്ന ശേഷിക്കാരുടെ 4 തസ്തികകളും ബാക്ക് ലോഗാണ്. അസോഷ്യേറ്റ് പ്രഫസര്‍, പ്രഫസര്‍ തസ്തികകളിലായി 15ലേറെ തസ്തികകളുടെ ബാക്ക് ലോഗുണ്ട്. കേരള സര്‍വീസ് റൂള്‍സ് പാലിക്കണമെന്ന 2013 ലെ കേരള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അനുസരിച്ച് സംവരണ വിഭാഗങ്ങളുടെ ബാക്ക് ലോഗ് പ്രത്യേകം നികത്തണമെന്ന വ്യവസ്ഥ അട്ടിമറിച്ചാണ് ബാക്ക് ലോഗ് നികത്താതെ പുതിയ നിയമന നീക്കം സര്‍വകലാശാല നടത്തുന്നത്.

    ബാക്ക് ലോഗ് നികത്താതെ നടത്തുന്ന പുതിയ നിയമനങ്ങള്‍ക്ക് നിയമ സാധുതയില്ലെന്ന സുപ്രിം കോടതി വിധിയും കാറ്റില്‍ പറത്തിയാണ് സര്‍വ്വകലാശാല ഇത്തരം നടപടിയുമായി മുന്നോട്ട് പോകുന്നത്. നിലവില്‍ വിജ്ഞാപനം നടത്തിയ 116 തസ്തികകളില്‍ സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ തസ്തികകള്‍ ഏതെന്ന് വ്യക്തമാക്കുന്നില്ല. കൊവിഡ് മൂലമുള്ള സാമൂഹിക നിയന്ത്രണങ്ങളാല്‍ അധ്യയനം മുടങ്ങിയിരിക്കുന്ന ഈ സന്ദര്‍ഭത്തിലും തിരക്കു പിടിച്ച് ഓണ്‍ലൈന്‍ അഭിമുഖം നടത്തി നിയമനം നടത്താനുള്ള ദുരൂഹമായ നീക്കവും യൂനിവേഴ്‌സിറ്റി നടത്തുന്നു. പാര്‍ലമെന്റ് അംഗീകരിച്ച യുജിസി നിയമത്തില്‍ ഓണ്‍ലൈന്‍ നിയമനം സാധുവല്ല എന്ന വ്യവസ്ഥയും യൂണിവേഴ്‌സിറ്റി പാലിക്കുന്നില്ല. ആള്‍മാറാട്ടത്തിനും അഴിമതിക്കും ഭരണകക്ഷിക്ക് സ്വാധീനിമുള്ളവര്‍ക്ക് നുഴഞ്ഞ് കയറാനുമുള്ള വഴിയാണ് സര്‍വകലാശാല ഇടതു ഭരണത്തിന് കീഴില്‍ ഒരുക്കുന്നത്. സംവരണ അട്ടിമറി വഴി ദലിത് പിന്നാക്ക ജനവിഭാഗങ്ങളെ അധികാരസ്ഥാനങ്ങളില്‍ നിന്ന് പുറംതള്ളാനുള്ള ആര്‍എസ്എസ് അജണ്ടയാണ് സര്‍വ്വകലാശാല നടപ്പാക്കുന്നതെന്നും ശക്തമായ ബഹുജന പ്രക്ഷോഭത്തിലൂടെ ഇതിന് തടയിടുമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News