ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ബലാല്‍സംഗക്കൊല; പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം

Update: 2025-01-20 09:23 GMT
ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ബലാല്‍സംഗക്കൊല; പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. കൊല്‍ക്കത്ത കോടതിയുടേതാണ് വിധി. 57 ദിവസത്തിന് ശേഷമാണ് വിധി വരുന്നത്. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അനിര്‍ബന്‍ ദാസാണ് വിധി പറഞ്ഞത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. 50 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നും പ്രതി സഞ്ജയ് റോയ് കോടതിയില്‍ പറഞ്ഞു.

2024 ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31 കാരനായ ട്രെയിനി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിനി ഡോക്ടറെ ബലാല്‍സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസില്‍കൊല്‍ക്കത്ത പോലിസിലെ സിവിക് വോളന്റിയറായ സഞ്ജയ് റോയിയെ ആഗസ്റ്റ് 10 ന് അറസ്റ്റ് ചെയ്തു. ഇരയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ സെറ്റിലൂടെയാണ് പോലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. സഞ്ജയ് റോയ് സെമിനാര്‍ ഹാളിലേക്ക് പ്രവേശിക്കുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

കുറ്റകൃത്യം രാജ്യവ്യാപകമായ രോഷത്തിനിടയാക്കിയിരുന്നു. ഇരയ്ക്ക് നീതി ലഭിക്കണമെന്നും സര്‍ക്കാര്‍ നടത്തുന്ന ആശുപത്രികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലും രാജ്യത്തുടനീളവും ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്യത്തിലുള്ള വലിയ പ്രതിഷേധം അരങ്ങേറി.

Tags:    

Similar News