കാവി നിറത്തിലുള്ള തുണിയില്‍ പൊതിഞ്ഞ ഫയലുമായി പോവുകയായിരുന്ന മുസ്‌ലിം സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഹിന്ദുത്വര്‍ ആക്രമിച്ചു (വീഡിയോ)

Update: 2025-03-18 13:57 GMT

ഹൈദരാബാദ്: കാവി നിറത്തിലുള്ള തുണിയില്‍ പൊതിഞ്ഞ ഫയലുകളുമായി പോവുകയായിരുന്ന മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഹിന്ദുത്വ പശു ഗുണ്ടകള്‍ ആക്രമിച്ചു. തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലെ ഭൈന്‍സയില്‍ മാര്‍ച്ച് 17നാണ് സംഭവം. മണ്ഡല്‍ റെവന്യു ഓഫിസിലെ ജീവനക്കാരനായ അബ്ദുല്‍ വക്കീലിനെയാണ് ഏഴംഗ ഹിന്ദുത്വ സംഘം ആക്രമിച്ചത്. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി ഭൈന്‍സ ഇന്‍സ്‌പെക്ടര്‍ മല്ലേഷ് അറിയിച്ചു, രാജു, പ്രകാശ്, സായ്, പോളി ഷെട്ടി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഡാലോചന, സര്‍ക്കാര്‍ ജീവനക്കാരനെ ആക്രമിക്കല്‍, മതവിദ്വേഷം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇവരെ റിമാന്‍ഡ് ചെയ്തു. മറ്റു മൂന്നു പ്രതികള്‍ ഒളിവിലാണെന്ന് മല്ലേഷ് പറഞ്ഞു.

ഹിന്ദുത്വരുടെ വിഹാരകേന്ദ്രമാണ് ഭൈന്‍സയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഒരു ബൈക്ക് കാല്‍നടയാത്രക്കാരന്റെ മേല്‍തട്ടിയതിന് 2021ല്‍ ഇവിടെ വലിയ സംഘര്‍ഷം നടന്നിരുന്നു. 2020ല്‍ നടന്ന സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. 2018ല്‍ ഒരു ഹൈന്ദവ ആഘോഷത്തെ തുടര്‍ന്നും ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു.