മധ്യപ്രദേശില്‍ വാഹനാപകടം; 15 മരണം

മരിച്ചത് ദീപാവലി ആഘോഷങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങിയ യുപി സ്വദേശികള്‍

Update: 2022-10-22 06:15 GMT

റെവ: മധ്യപ്രദേശിലെ റെവയില്‍ നടന്ന ബസ് അപകടത്തില്‍ 15ഓളം പേര്‍ മരിച്ചു. നാല്‍പത് പേര്‍ക്ക് പരിക്കുപറ്റി.

ബസ്സില്‍ 100 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും യുപിയിലെ ഖൊരഖ്പൂരിലേക്കുള്ളവരായിരുന്നു. രേവ ലാറ്റെയില്‍ സുഹാഗി പഹാരിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയാണ് അപകടം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റവരെ സുഹാഗിയിലെ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ രേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റൊരു ട്രക്കുമായി അപകടമുണ്ടായതിനാല്‍ ട്രക്ക് ദേശീയപാതയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ആ ട്രക്കിനെയാണ് ബസ് ഇടിച്ചത്.

മധ്യപ്രദേശിലെ കട്‌നിയില്‍ നിന്ന് ബസില്‍ കയറിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളാണ് ബസില്‍ യാത്ര ചെയ്തവരില്‍ ഭൂരിഭാഗവും എന്ന് രേവ പോലീസ് സൂപ്രണ്ട് നവനീത് ഭാസിന്‍ പറഞ്ഞു. ദീപാവലിക്ക് വീട്ടിലേക്ക് പോകുകയായിരുന്നു തൊഴിലാളികളെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.

Tags:    

Similar News