'ആര്‍എസ്എസ്സിനെ അനുകൂലിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല'; സുധാകരന് പിന്തുണയുമായി എ കെ ആന്റണി

Update: 2022-11-14 07:00 GMT

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി രംഗത്ത്. സുധാകരന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. ആര്‍എസ്എസ്സിനെ അനുകൂലിച്ച് അദ്ദേഹം ഒന്നും സംസാരിച്ചിട്ടില്ലെന്ന് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാലത്തും ആര്‍എസ്എസ്സിനെതിരേ ശക്തമായ നിലപാട് എടുക്കുന്നത് കോണ്‍ഗ്രസാണ്. രാഹുല്‍ ഗാന്ധിക്കെതിരേ നിരന്തരം പരാതി കൊടുക്കുന്നതും ആര്‍എസ്എസ്സാണെന്നും ആന്റണി വിമര്‍ശിച്ചു.

കെഎസ്‌യു പ്രവര്‍ത്തകനായിരുന്ന കാലത്ത് ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ചിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശമാണ് വിവാദമായത്. സുധാകരന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ രംഗത്തെത്തിയിരുന്നു. സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ മുസ്‌ലിം ലീഗിനായിട്ടില്ലെന്ന് മുനീര്‍ പറഞ്ഞു. ഇക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് ചിന്തയുള്ളവര്‍ പാര്‍ട്ടി വിട്ടുപോവണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്. ആര്‍എസ്എസ്സിനെ ന്യായീകരിക്കുന്ന രീതിയിലുള്ള പ്രസ്താവന സുധാകരന്‍ നടത്തരുതായിരുന്നെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News