'വിവരാവകാശത്തില്‍' വീഴ്ചവരുത്തിയാല്‍ ഇനി 'വിവരം അറിയും'; ഉദ്യോഗസ്ഥരെ പിടികൂടാന്‍ മിന്നല്‍ പരിശോധന
സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും വിവരാവകാശ ഓഫീസര്‍മാര്‍ മിന്നല്‍ പരിശോധന നടത്തും.
കോഴിക്കോട്: വിവരാവകാശ നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പിടികൂടാന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് വിവരാവകാശ കമ്മീഷന്‍. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുവെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്‍ക്കാരിന്റെ പല വെബ്‌സൈറ്റുകളിലും അടിസ്ഥാന വിവരങ്ങള്‍ പോലുമില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീം പറഞ്ഞു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് മറുപടി നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ക്കുളള വിവരാവകാശ കമ്മീഷന്റെ നീക്കം. സംസ്ഥാനത്തെ എല്ലാ ഓഫിസുകളിലും വിവരാവകാശ ഓഫിസര്‍മാര്‍ മിന്നല്‍ പരിശോധന നടത്തും.
കലക്ടറേറ്റുകളിലായിരിക്കും ആദ്യ പരിശോധന. കൃത്യമായ മറുപടികള്‍ ലഭിക്കാത്തത് കൊണ്ടും മറുപടി വൈകുന്നത് മൂലവും വിവരാവകാശ അപേക്ഷയില്‍ അപ്പീലുകളുടെ എണ്ണം കൂടുന്നുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീം പറഞ്ഞു. 30 ദിവസത്തിനകം മറുപടി നല്‍കിയാല്‍ മതിയെന്ന തെറ്റിദ്ധാരണ ഉദ്യോഗസ്ഥര്‍ തിരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വിവര ശേഖരണത്തിന്റെ ആദ്യഘട്ടം അഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ അപൂര്‍ണമായോ ആണ് വിവരം നല്‍കിയതെന്ന് ബോധ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.