സുരേഷ് ഗോപി സ്വയം വിഡ്ഢിവേഷം കെട്ടുന്നു; സല്യൂട്ട് ചെയ്യാതിരുന്ന എസ്.ഐക്കാണ് കേരളത്തിന്റെ സല്യൂട്ടെന്നും സലിം മടവൂര്‍

പിന്‍വാതില്‍ എം.പി സ്ഥാനം അഹങ്കാരവും അലങ്കാരവുമായി കൊണ്ടു നടക്കുന്നയാളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന് സല്യൂട്ട് ചെയ്യാതിരുന്ന പോലിസ് ഓഫിസര്‍ക്കാണ് ജനാധിപത്യ കേരളത്തിന്റെ സല്യൂട്ട്.

Update: 2021-09-16 13:56 GMT

തിരുവനന്തപുരം: രാഷ്ട്രപതിയാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട പാര്‍ലമെന്റംഗമായ സുരേഷ് ഗോപി വിഡ്ഢിവേഷം സ്വയം എടുത്തണിയുകയാണെന്ന് ലോക്താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍. എം.പി ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കെ ത്യശൂരില്‍ മാര്‍ക്കറ്റ് വികസനത്തിന് എം.പി ഫണ്ട് നല്‍കുമെന്ന് പറയുന്നത് ആളെ പറ്റിക്കാനാണ്. സുരേഷ് ഗോപിയുടെ കുടുംബ ഫണ്ടെടുത്ത് വികസനം നടത്തേണ്ട ഗതികേട് കേരളത്തിനില്ല.അദ്ദേഹത്തിന്റെ കുടുംബ ഫണ്ടെടുത്ത് വികസനം നടത്തിയാല്‍ അദ്ദേഹം കാട്ടിക്കൂട്ടാന്‍ പോകുന്ന അല്‍പത്തരങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് നല്ല ബോധ്യമുണ്ട്. ജനപ്രതിനിധികളായ എം.പിമാരെ സല്യൂട്ട് ചെയ്യുന്നത് പോലിസ് മാന്വലില്‍ പറയുന്നില്ലെങ്കിലും പോലിസിന്റെ മാന്യതയാണ്. എന്നാല്‍ ബിജെപി നേതാക്കളുടെ തിണ്ണ നിരങ്ങി ഒപ്പിച്ചെടുത്ത എം.പി സ്ഥാനവുമായി ഓടു പൊളിച്ച് പാര്‍ലമെന്റില്‍ കെട്ടിയിറങ്ങിയ സുരേഷ് ഗോപി അതിന് അര്‍ഹനല്ല. പിന്‍വാതില്‍ എം.പി സ്ഥാനം അഹങ്കാരവും അലങ്കാരവുമായി കൊണ്ടു നടക്കുന്നയാളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന് സല്യൂട്ട് ചെയ്യാതിരുന്ന പോലിസ് ഓഫിസര്‍ക്കാണ് ജനാധിപത്യ കേരളത്തിന്റെ സല്യൂട്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ലമെന്റംഗത്തിന്റെ മാന്യത കൈവിട്ട് സല്യൂട്ട് ഇരന്നു നടക്കുകയും ബിജെപി ജില്ലാ കമ്മറ്റികളുടെ കത്തില്ലാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസത്തിനുള്ള അപേക്ഷ പോലും അയക്കില്ലെന്നും പറഞ്ഞ സുരേഷ് ഗോപി പാര്‍ലമെന്റംഗമായി നോമിനേറ്റ് ചെയ്യപ്പെടാന്‍ അര്‍ഹതയില്ലാത്ത വ്യക്തിയാണ്. ഇദ്ദേഹം പാര്‍ലമെന്റംഗമായതിനെക്കുറിച്ച് അന്വേഷിക്കണം. രാഷ്ട്രപതി നോമിനേറ്റ് ചെയ്ത വ്യക്തി എന്ന നിലക്ക്പൊതുസമൂഹത്തില്‍ പെരുമാറാനുള്ള സാമാന്യ വിജ്ഞാനം നല്‍കണമെന്നും ആവശ്യപ്പെട്ട് സലീം മടവൂര്‍ രാഷ്ട്രപതിക്ക് പരാതി അയച്ചു.


Tags:    

Similar News