'സമാജ് വാദി പാര്‍ട്ടിക്ക് ബിജെപിയെ പരാജയപ്പെടുത്താനാവില്ല': എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി

Update: 2022-06-27 02:45 GMT

ഹൈദരാബാദ്: സമാജ് വാദി പാര്‍ട്ടിക്ക് ബിജെപിയെ പരാജയപ്പെടുത്താന്‍ കെല്‍പ്പില്ലെന്നാണ് ഉത്തര്‍പ്രദേശിലെ രാംപൂരിലെയും അസംഗഢിലെയും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നതെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. 

'യുപി ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് സമാജ്‌വാദി പാര്‍ട്ടിക്ക് ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിവില്ലെന്നാണ്, അവര്‍ക്ക് ബുദ്ധിപരമായ സത്യസന്ധതയില്ല. ന്യൂനപക്ഷ സമുദായം ഇത്തരം കഴിവുകെട്ട പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യരുത്. ബിജെപിയുടെ വിജയത്തിന് ആരാണ് ഉത്തരവാദി, ഇപ്പോള്‍ ആരെയാണ് അവര്‍ ബി ടീം എന്ന് വിളിക്കുക' -ഉവൈസി ചോദിച്ചു. 

രാംപൂര്‍, അസംഗഢ് ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍വിക്ക് കാരണം എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'അഖിലേഷ് യാദവിന് വളരെയധികം അഹങ്കാരമുണ്ട്, അദ്ദേഹം ആളുകളെ സന്ദര്‍ശിക്കാന്‍ പോലും പോയിട്ടില്ല. രാജ്യത്തെ മുസ് ലിംകളോട് അവരുടേതായ ഒരു രാഷ്ട്രീയ സ്വത്വം രൂപപ്പെടുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,' എഐഎംഐഎം മേധാവി കൂട്ടിച്ചേര്‍ത്തു. 

ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രാംപൂര്‍, അസംഗഢ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഭരണകക്ഷിയായ ബിജെപിക്കായിരുന്നു വിജയം. രാംപൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഘന്‍ശ്യാം സിംഗ് ലോധി സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുഹമ്മദ് അസിം രാജയെ പരാജയപ്പെടുത്തിയപ്പോള്‍ അസംഗഢ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് ലാല്‍ യാദവ് നിരാഹുവ വിജയിച്ചു. അസംഗഢില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗുഡ്ഡു ജമാലിക്കായിരുന്നു മൂന്നാം സ്ഥാനം. രണ്ട് സീറ്റുകളും സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു.

അസംഗഢ്, രാംപൂര്‍ സീറ്റുകളില്‍ നിന്ന് യഥാക്രമം അഖിലേഷ് യാദവും അസം ഖാനും രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുവരും വിജയിച്ചതിനെത്തുടര്‍ന്നാണ് ലോക്‌സഭാ എംപി സ്ഥാനം രാജിവച്ചത്. 

Tags:    

Similar News