സംഭാല്‍ ഷാഹി ജുമാ മസ്ജിദ് സംഘര്‍ഷം; മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് പോലിസ്
സംഭാല്‍: ഉത്തര്‍പ്രദേശിലെ ചരിത്രപ്രസിദ്ധമായ സംഭാല്‍ ഷാഹി ജുമാ മസ്ജിദ് സര്‍വെയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കസ്റ്റഡിയില്‍. പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചെന്നു പറഞ്ഞാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മസ്ജിദ് സ്ഥിതി ചെയ്യുന്നത് പണ്ട് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോയെന്ന് പരിശോധിക്കാന്‍ നടത്തിയ സര്‍േവയാണ് കല്ലേറിലും സംഘര്‍ഷത്തിലും കലാശിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണി മുതലാണ് കോടതി നിയോഗിച്ച അഭിഭാഷകസംഘം സര്‍വേക്കായി മസ്ജിദിലെത്തിയത്. ഇതിനിടെ ഒരു സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് അത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസും സമരക്കാരും തമ്മില്‍ പല തവണ ഏറ്റുമുട്ടലുണ്ടായി.
സമരക്കാരെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസ് പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തിയെന്നാണ് പൊലിസ് പറയുന്നത്.പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. നാലായിരത്തിലധികം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചത് എന്നാരോപിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ ആണ് കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയാണ് സര്‍വേക്ക് നിര്‍ദേശം നല്‍കിയത്. പോലിസ് നടത്തിയ വെടിവെപ്പില്‍ ഇതു വരെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.