ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലിലെ സംഭവം സാമുദായിക സൗഹാര്‍ദ്ദം വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ആസൂത്രിത ഗൂഢാലോചനയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ലോക്സഭയില്‍ സമസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എല്ലായിടത്തും കുഴിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തിന്റെ സാഹോദര്യം നഷ്ടപ്പെടുന്നതില്‍ ഒരു വേവലാതിയും ഇല്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളിടത്തോളം കാലം നീതി ലഭിക്കില്ല.ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ആറ് നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്തു. പോലിസിനും ഭരണകൂടത്തിനുമെതിരെ കൊലപാതക കേസ് ഫയല്‍ ചെയ്യണം. അവരെ സസ്‌പെന്‍ഡ് ചെയ്യണം. അപ്പോഴെ ആളുകള്‍ക്ക് നീതി ലഭിക്കൂ എന്നും അഖിലേഷ് യാദവ് പറഞ്ഞു.
മറുവശം കേള്‍ക്കുന്നതിന് മുമ്പ് തന്നെ പള്ളിയുടെ സര്‍വേയ്ക്കുള്ള ഉത്തരവ് പാസാക്കിയതിലെ അലംഭാവം അഖിലേഷ് യാദവ് ലോക്സഭയില്‍ ചൂണ്ടിക്കാട്ടി. മസ്ജിദില്‍ രണ്ടാമതൊരു സര്‍വേയുടെ ആവശ്യകതയെ അദ്ദേഹം ചോദ്യം ചെയ്തു. കാവി പാര്‍ട്ടിയും സഖ്യകക്ഷികളും രാജ്യത്തുടനീളമുള്ള ചരിത്രപരമായ നിര്‍മിതികള്‍ ഖനനം ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണെന്നും അത് സാഹോദര്യത്തെ തകര്‍ക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ശാഹീ ജാമിഅ് മസ്ജിദില്‍ നവംബര്‍ 19 ന് സീനിയര്‍ ഡിവിഷന്‍ കോടതിയുടെ ഉത്തരവുമായി ഉദ്യോഗസ്ഥര്‍ സര്‍വേക്കേത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അന്ന് അവിടെ നിന്നും അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഞയറാഴ്ച വീണ്ടും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുമായി അധികൃതര്‍ സര്‍വേക്കെത്തിയതോടെ സംഭല്‍ സംഘര്‍ഷ ഭരിതമായി. പോലിസിന്റെ വെടിവെപ്പില്‍ 6 പേരാണ് കൊല്ലപ്പെട്ടത്.