ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വിശദീകരിക്കാന്‍ കേരളാ പോലിസ് തന്റെ മുഖം ഉപയോഗിച്ചതിനെതിരേ സാമുവല്‍ റോബിന്‍സണ്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കാനുള്ള കേരളപോലിസിന്റെ ട്രോള്‍ചിത്രത്തിനെതിരേ സിനിമാനടന്‍ സാമുവല്‍ റോബിന്‍സണ്‍. കേരളാ പോലിസ് ചെയ്യുന്ന കാര്യങ്ങളെ താന്‍ അഭിനന്ദിക്കുന്നുവെന്നും എന്നാല്‍ താന്‍ ഒരു നൈജീരിയക്കാരന്‍ ആണെന്നതുകൊണ്ട് തട്ടിപ്പുകാരനാവുന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന മലയാള ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരപ്പിച്ച നടനാണ് നൈജീരിയന്‍ സ്വദേശിയായ സാമുവല്‍ റോബിന്‍സണ്‍.
മുഖ്യമന്ത്രിയുടെയും പോലിസ് ഉദ്യോഗസ്ഥരുടെയും പേരില്‍ ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘം വ്യാപകമാണെന്നും അതിനെതിരേ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കേരള പോലിസ് ഒരു ട്രോള്‍ തങ്ങളുടെ പേജില്‍ പ്രസിദ്ധീകരിച്ചത്. അതിനെതിരേയാണ് തന്റെ മുഖത്തിന്റെ സാമ്യം ഉപയോഗിച്ച് മൊത്തം നൈജീരിയക്കാരെയും മോഷ്ടാക്കളും തട്ടിപ്പുകാരനുമായി ചിത്രീകരിക്കരുതെന്ന് സാമുവല്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യക്കാരനായ ഒരു പുരുഷനായതിനാല്‍ അയാള്‍ ഒരു ബലാല്‍സംഗിയാകുന്നില്ലെന്നും അതുപോലെ നൈജീരിയക്കാരനായതുകൊണ്ട് തട്ടിപ്പുകാരനാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.