റിപബ്ലിക് ദിനത്തില്‍ രാജ്യത്തുടനീളം ട്രാക്ടര്‍ മാര്‍ച്ചുകള്‍ നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

Update: 2025-01-13 11:45 GMT

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ രാജ്യത്തുടനീളം ട്രാക്ടര്‍ മാര്‍ച്ചുകള്‍ നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം). 48 ദിവസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നതിനിടെയാണ് എസ്‌കെഎമ്മിന്റെ ആഹ്വാനം.

വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതല്‍ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ഖനൗരി അതിര്‍ത്തി പോയിന്റില്‍ എസ്‌കെഎം (നോണ്‍ പൊളിറ്റിക്കല്‍) കണ്‍വീനര്‍ ദല്ലേവാള്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്.

എല്ലാ കിസാന്‍ സംഘടനകളുമായും പ്രധാനമന്ത്രി ഉടന്‍ ചര്‍ച്ച നടത്തണമെന്നും ജഗ്ജിത് സിങ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നും കര്‍ഷക വിരുദ്ധ, ഫെഡറല്‍ വിരുദ്ധ എന്‍പിഎഫ്എഎം ഉടന്‍ പിന്‍വലിക്കണമെന്നും എംഎസ്പി നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകര്‍ പരേഡ് നടത്തുമെന്നും എസ്‌കെഎം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമുള്ള സമഗ്രമായ വായ്പ എഴുതിത്തള്ളല്‍ പദ്ധതി, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കല്‍, എല്‍എആര്‍ആര്‍ നിയമം 2013 നടപ്പാക്കല്‍ തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ജീവന്‍ സംരക്ഷിക്കാന്‍ കിസാന്‍ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യപരവും വിവേകശൂന്യവുമായ മനോഭാവത്തെ എസ്‌കെഎം ശക്തമായി അപലപിക്കുന്നുവെന്നും എസ്‌കെഎം വ്യക്തമാക്കി.

Tags:    

Similar News