തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരാള്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കുണ്ടമണ്‍കടവ് സ്വദേശി പ്രകാശിന്റെ അത്മഹത്യാ കേസില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു ഇയാള്‍. ആത്മഹത്യാ കേസിലെ കസ്റ്റഡി കാലയളവ് കഴിഞ്ഞതോടെയാണ് ഇയാളെ അന്വേഷണസംഘം ആശ്രമം കത്തിച്ച കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെയാണ് ആശ്രമം കത്തിച്ച കേസില്‍ നാടകീയ വഴിത്തിരിവുണ്ടായത്. തന്റെ സഹോദരന്‍ പ്രകാശും കൃഷ്ണകുമാറും സുഹൃത്തുക്കളായ ആര്‍എസ്എസ്സുകാരും ചേര്‍ന്നാണ് ആശ്രമത്തിന് തീയിട്ടതെന്ന് കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് മൊഴി നല്‍കിയിരുന്നു. പ്രശാന്ത് പിന്നീട് മൊഴി മാറ്റിയെങ്കിലും കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. 2018 ഒക്‌ടോബര്‍ 27ന് പുലര്‍ച്ചെയാണ് ആശ്രമത്തിന് ആക്രമികള്‍ തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.