'സര്‍ഗാലയ' നൈപുണ്യമുള്ള കലാകരകൗശല വിദഗ്ധരുടെ സംഗമവേദി: ഡോ. ഹരോള്‍ഡ് ഗുഡ്വിന്‍
കോഴിക്കോട്: ഇരിങ്ങലിലെ 'സര്‍ഗാലയ' ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് നൈപുണ്യമുള്ള മികച്ച വിദഗ്ധരുടെ സംഗമവേദിയാണെന്നും അതുല്യ സംരംഭമാണെന്നും വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ജൂറി ചെയര്‍മാനും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം സ്ഥാപകനുമായ ഡോ. ഹരോള്‍ഡ് ഗുഡ്വിന്‍ . 'സര്‍ഗാലയ' ഉത്തരവാദിത്ത ടൂറിസം മേഖലയിലെ ഒരു സവിശേഷ മാതൃകയാണ്. വിനോദസഞ്ചാരികള്‍ക്കായുള്ള സര്‍ഗാലയയിലെ സൗകര്യങ്ങള്‍ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കലാകരകൗശല പ്രതിഭകളെയും അദ്ദേഹം അഭിനന്ദിച്ചു.
സര്‍ഗാലയയിലെ വിഭവസമൃദ്ധമായ കേരള സദ്യ ആസ്വദിച്ച അദ്ദേഹം വിനോദ സഞ്ചാര രംഗത്ത് ഭക്ഷണത്തിനുള്ള പ്രാധാന്യത്തെയും സാധ്യതകളെയും കുറിച്ച് സംസാരിച്ചു.
ഉത്തരവാദിത്ത ടൂറിസം മേഖലയിലെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം കോഴിക്കോടെത്തിയത്. കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് അദ്ദേഹത്തെ അനുഗമിച്ചു. സര്‍ഗാലയയിലെ ചിത്രകാരന്‍ അശോക് കുമാര്‍ തയ്യാറാക്കിയ മെമെന്റോ തന്നെ ആകര്‍ഷിച്ചതായി അദ്ദേഹം പറഞ്ഞു.
സര്‍ഗാലയ സി.ഇ.ഒ പി.പി.ഭാസ്‌ക്കരന്‍, ജനറല്‍ മാനേജര്‍ ടി.കെ.രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജര്‍ എം.ടി.സുരേഷ് ബാബു, ക്രാഫ്ട്‌സ് ഡിസൈനര്‍ കെ.കെ.ശിവദാസന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.