റിയാദ് : കൊവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചതോടെ സൗദി അറേബ്യയിലെ പള്ളികളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. പള്ളികളിലെത്തുന്നവര്‍ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഇമാമുമാര്‍ നിരീക്ഷിച്ച് ഉറപ്പു വരുത്തണമെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ.അബ്ദുല്ലത്തീഫ് ആലുശൈഖ് ആവശ്യപ്പെട്ടു.
അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച ഉദ്‌ബോധന പ്രസംഗം കൊറോണക്കെതിരായ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ആയിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം കടുത്തതായതിനാല്‍ പ്രതിരോധ നടപടികള്‍ കടുപ്പിക്കേണ്ടി വരുമെന്നും ഇസ്‌ലാമികകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി.