കണ്ണൂര്‍ സര്‍വകലാശാല അധ്യാപക നിയമനം മാനദണ്ഡങ്ങള്‍ മറികടന്നെന്ന് യൂണിവേഴ്‌സിറ്റി ഫോറം; മാധ്യമവേട്ടയെന്ന് പ്രിയ വര്‍ഗീസ്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമിച്ചത് യുജിസി മാനദനണ്ഡങ്ങള്‍ കാറ്റിപ്പറത്തിയെന്നതിന് തെളിവുമായി സേവ് സര്‍വകലാശാല ഫോറം. റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് ലഭിച്ച പ്രിയക്ക് അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കി നിയമനം നല്‍കുകയായിരുന്നുവെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം പുറത്തുവിട്ട സ്‌കോര്‍ഷീറ്റില്‍നിന്ന് വ്യക്തമാകുന്നത്.
പ്രിയ വര്‍ഗീസിനാണ് സര്‍വകലാശാല ഒന്നാം സ്ഥാനം നല്‍കി നിയമനം നല്‍കിയത്. അവര്‍ക്ക്് അഭിമുഖത്തില്‍ 32 മാര്‍ക്ക് നല്‍കി. പക്ഷേ, റിസര്‍ച്ച് സ്‌കോര്‍ 156ആണ് ആകെയുള്ളത്. രണ്ടാം റാങ്കുള്ള ജോസഫ് സ്‌കറിയക്ക് 651 റിസര്‍ച്ച് സ്‌കോറുണ്ട്. അദ്ദേഹത്തിന് 30 മാര്‍ക്കാണ് അഭിമുഖത്തില്‍ നല്‍കിയത്. ആറ് പേരുള്ള പട്ടികയില്‍ ഒന്നാം സ്ഥാനം നല്‍കിയ പ്രിയക്കാണ് ഏറ്റവും കുറവ് റിസര്‍ച്ച് സ്‌കോര്‍.
എന്നാല്‍ എല്ലാ ആരോപണങ്ങളും പ്രിയ വര്‍ഗീസ് തള്ളക്കളഞ്ഞു. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ആവശ്യമായ സമയത്ത് പ്രതികരിക്കുമെന്നും ഇപ്പോഴില്ലെന്നും അവര്‍ പറഞ്ഞു.
വിവിധ സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ നിയമനം നേടുന്നതിനുപിന്നില്‍ പാര്‍ട്ടി സ്വാധീനമാണെന്ന ആരോപണം ശക്തമാണ്. അതിലൊന്നാണ് പ്രിയ വര്‍ഗീസിന്റേത്.