ലഖ്‌നൗ: ബിജെപി നേതാക്കളെ പത്തുതവണയെങ്കിലും ചെരിപ്പൂരി അടിക്കണമെന്ന ആഹ്വാനവുമായി എന്‍ഡിഎ മുന്‍ സഖ്യകക്ഷി നേതാവ് രംഗത്ത്. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്ബിഎസ്പി) അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍ ആണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ രതൻപുർ ബസാറിൽ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാജ്ഭര്‍ ബിജെപി നേതാക്കളെ ചെരിപ്പൂരി അടിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.
ബിജെപി നേതാക്കള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഓം പ്രകാശ് രാജ്ഭറിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.ഒബിസി വോട്ടുകള്‍ നേടുന്നതിന് വേണ്ടി തന്റെ പാര്‍ട്ടിയുടെ പേര് ഉപയോഗിക്കുന്നതില്‍ ബിജെപി നേതാക്കള്‍ക്ക് നാണം വേണമെന്നും രാജ്ഭര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ച് താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കമ്മീഷന്‍ ഒരു നടപടിയും എടുത്തില്ലെന്നും രാജ്ഭര്‍ ആരോപിച്ചു.
കഴിഞ്ഞമാസമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ബിജെപി സീറ്റ് നൽകാത്തതിനെത്തുടർന്ന് എസ്ബിഎസ്പി മുന്നണി വിട്ടത്. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗമായിരുന്ന രാജ്ഭര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. എന്നാല്‍ രാജി യോഗി ആദിത്യനാഥ് അംഗീകരിച്ചിട്ടില്ല. എന്‍ഡിഎ സീറ്റ് നല്‍കാത്ത സാഹചര്യത്തില്‍ യുപിയില്‍ 36 സീറ്റുകളില്‍ പാര്‍ട്ടി തനിച്ച് മത്സരിക്കുകയാണ്.