ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു

എയിംസ് ആശുപത്രിയിലെ മെഡിക്കല്‍ റിപോര്‍ട്ട് ലഭിച്ചില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്‌

Update: 2024-11-29 05:37 GMT

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന് സുപ്രിംകോടതി മാറ്റിവച്ചു. ഇനി ജനുവരി ഒന്നിന് ശേഷമായിരിക്കും ഹരജി പരിഗണിക്കുക. ഇ അബൂബക്കറിന് ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്നാണ് നവംബര്‍ 12ന് കോടതി പറഞ്ഞിരുന്നത്. തുടര്‍ന്ന് ചികില്‍സക്കായി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും നിര്‍ദേശിച്ചു. മെഡിക്കല്‍ പരിശോധനാ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും റിപോര്‍ട്ട് ആശുപത്രിയില്‍ നിന്ന് ലഭിച്ചില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഇന്ന് കോടതിയെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമുന്നയിക്കുന്ന കേസിലെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതിയുടെ മുന്നിലുണ്ടെന്ന് ഇ അബൂബക്കറിന് വേണ്ടി ഹാജരായ മുതിര്‍ന്ന കാമിനി ജയ്‌സ്വാള്‍ കോടതിയെ അറിയിച്ചു. അതില്‍ ഹൈക്കോടതി തീരുമാനമെടുക്കുന്നതിന് സുപ്രിംകോടതിയിലെ ഹരജി തടസമാവരുതെന്നും കാമിനി ജയ്‌സ്വാള്‍ ആവശ്യപ്പെട്ടു. ഇത് കോടതി അനുവദിച്ചു. തുടര്‍ന്നാണ് ജാമ്യാപേക്ഷയിലെ വാദം കേള്‍ക്കല്‍ അവധിക്കാലത്തിന് ശേഷമുണ്ടാവുമെന്ന് അറിയിച്ചത്. ഡിസംബര്‍ 23നാണ് സുപ്രിംകോടതിയില്‍ അവധി തുടങ്ങുക. ജനുവരി രണ്ടിനാണ് കോടതി തുറക്കുക.

Similar News