യുപിയിലെ മദ്‌റസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രിംകോടതി സ്റ്റേ
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മദ്‌റസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു.ഹൈക്കോടതി വിധി 17 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും നിയമത്തിന്റെ വ്യവസ്ഥകള്‍ മനസ്സിലാക്കുന്നതില്‍ ഹൈകോടതിക്ക് പിഴവ് സംഭവിച്ചെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹരജിയില്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
2004ലെ യുപി മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം ഭരണഘടനാ വിരുദ്ധവും മതേതരത്വ തത്വങ്ങള്‍ ലംഘിക്കുന്നതും ആണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. ലഖ്നോ ബെഞ്ചിലെ ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു വിധി. അന്ന് മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് നിയമം നിയമാതീതമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിലവില്‍ മദ്‌റസകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തുടരാന്‍ കഴിയുന്ന തരത്തില്‍ ഒരു പദ്ധതി തയ്യാറാക്കണമെന്ന് യുപി സര്‍ക്കാറിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ഇസ് ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍വേ നടത്താന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഹൈക്കോടതിയുടെ വിധി വന്നത്.