അംബേദ്കര്‍ അധ:സ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രയത്‌നിച്ച വിപ്ലവകാരി: തുളസീധരന്‍ പള്ളിക്കല്‍

ആലപ്പുഴ: ഇന്ത്യയിലെ അധ:സ്ഥിത ജനസമൂഹത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ഉന്നമനത്തിന് പ്രിയത്‌നിച്ച മഹാവിപ്ലവകാരിയായിരുന്നു ഡോ.ബി ആര്‍ അംബേദ്ക്കറെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ്പ്രസിഡന്റ് തുളസിധരന്‍ പള്ളിക്കല്‍ അഭിപ്രായപ്പെട്ടു. സക്കരിയ ബസാര്‍ ഈസ്റ്റ് വെനീസ് കോണ്‍ഫറന്‍സ് ഹാളില്‍ എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍
എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന സങ്കല്പത്തില്‍ അടിയുറച്ച ആധുനിക ഇന്ത്യയില്‍ അറിവിന്റെയും കര്‍മ്മശേഷിയുടേയും വിത്തുകള്‍ പാകിയ മഹാന്‍ ആയിരുന്നു അംബേദ്കര്‍. രാജ്യം ഭരിക്കുന്ന സവര്‍ണ്ണ ഫാഷിസ്റ്റുകള്‍ ഭരണഘടനയെ തകര്‍ത്ത് കൊണ്ട് മനുസ്മൃതി അടിസ്ഥാനമാക്കാനുള്ള നീക്കങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്, കടുത്ത ജാതി ബോധം പേറുന്ന സവര്‍ണ്ണ ഫാഷിസ്റ്റുകള്‍ തരാതരം പോലെ അംബേദ്കറെ ഉപയോഗിക്കുന്നത് കാപട്യവും വഞ്ചനാപരവുമാണ്. അസന്തുലിതവും വിവേചനപരവും നീതിരഹിതമായ സാമൂഹികാന്തരീക്ഷത്തിലേക്ക് നമ്മുടെ നാടിനെ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്ക് വേഗംകൂടുന്ന സാഹചര്യത്തില്‍ സാമൂഹികനീതി ഉറപ്പാക്കാനുള്ള നിയമപോരാട്ടങ്ങള്‍ക്കും പ്രക്ഷോഭത്തിനും രാജ്യത്തെ ദലിത്-മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. അംബേദ്കര്‍ ഉയര്‍ത്തിയ ലക്ഷ്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഇക്കാലത്ത് പ്രസക്തിയേറുകയാണെന്നും തുളസിധരന്‍ പള്ളിക്കല്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ റിയാസ് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഡി എസ് സദറുദ്ദീന്‍, ദ്രാവിഡ ധര്‍മ്മ വിചാര കേന്ദ്രം ഡയറക്ടര്‍ ഗാര്‍ഗ്യന്‍ സുധീരന്‍, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ എ എസ് അജിത് കുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ സജീത് ഖാന്‍, ആലപ്പുഴ ബാര്‍ അസോസിയേഷന്‍ അഭിഭാഷകന്‍ അഡ്വ: അജ്മല്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി രഹ്ന നസീര്‍, ഡോ. വി എം ഫഹദ്, എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാരായ അസ്ഹാബുള്‍ ഹഖ്, എം ജയരാജ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഇബ്രാഹിം വണ്ടാനം, ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം, ജില്ലാ സെക്രട്ടറി അജ്മല്‍ അയ്യൂബ്, ജില്ലാ പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് റിയാദ്, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് സുധീര്‍ പുന്നപ്ര, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നവാസ് നൈന, ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് അനീസ് കരുവാറ്റ എന്നിവര്‍ സംബന്ധിച്ചു.