മനുസ്മൃതി ചുട്ടെരിച്ച ധീരനായ മനുഷ്യാവകാശ പോരാളിയാണ് അംബേദ്കര്‍: കെ കെ അബ്ദുള്‍ ജബ്ബാര്‍

കൊടുങ്ങല്ലൂര്‍: ചാതുര്‍വര്‍ണ വ്യവസ്ഥയുടെ മാനിഫെസ്‌റ്റോ എന്നറിയപ്പെടുന്ന മനുസ്മൃതി ചുട്ടെരിച്ച ധീരനായ മനുഷ്യാവകാശ പോരാളിയാണ് ഡോ. ബി ആര്‍ അംബേദ്കറെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുള്‍ ജബ്ബാര്‍. മോദി അരങ്ങു വാഴുന്ന ഫാഷിസ്റ്റ് കാലത്ത് അംബേദ്കറിന്റെ ചിന്തകള്‍ അത്യന്തം പ്രസക്തമാണ്. എണ്ണം കൊണ്ട് ഭൂരിപക്ഷം നേടിയാല്‍ ഭരണഘടനാവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ നിയമങ്ങള്‍ കൊണ്ടുവരാമെന്നതാണ് മോദി ഭരണകൂടം കരുതുന്നത്. ജനാധിപത്യത്തിന്റെ അന്തസത്ത തിരിച്ചറിയാത്തവരാണ് നാട് ഭരിക്കുന്നത്. ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ രൂപപ്പെടുത്തിയ ഭരണഘടനയെ പുറത്താക്കി മനുസ്മൃതി നടപ്പിലാക്കാമെന്നത് സംഘികളുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖ്ഫ് ഭേദഗതി നിയമം ദരിദ്രരായ മുസ്‌ലിംകള്‍ക്കായാണ് എന്ന പ്രധാനമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. 72 കേന്ദ്രമന്ത്രിമാരില്‍ ഒരു മുസ്‌ലിം പോലും ഇല്ലാതെ മുസ്‌ലിം പ്രേമം നടിക്കുന്നത് മോദി ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ്. രാഷ്ട്രത്തിന് മതമില്ലെന്ന് പ്രഖ്യാപിച്ച ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ച് അംബേദ്കറിന്റെ ചിന്തകളും വാക്കുകളും നെഞ്ചിലേറ്റി ഫാഷിസത്തിനെതിരെ ഓരോ ഇന്ത്യക്കാരനും പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് ബി കെ ഹുസൈന്‍ തങ്ങള്‍, മനുഷ്യാവകാശ കൂട്ടായ്മ പ്രവര്‍ത്തകന്‍ പി എ കുട്ടപ്പന്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, ട്രഷറര്‍ യഹിയ മന്ദലാംകുന്ന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ കെ മനാഫ്, ജില്ലാ കമ്മിറ്റി അംഗം സുബ്രഹ്മണ്യന്‍, കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ് അജ്മല്‍ എടവിലങ്ങ്, കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് മജീദ് പുത്തന്‍ചിറ എന്നിവര്‍ സംസാരിച്ചു.