യുപി പോലിസിന്റെ വെടിയേറ്റ് മരിച്ച റോഷ്‌നിയുടെ കുടുംബത്തെ എസ്ഡിപിഐ സംഘം സന്ദര്‍ശിച്ചു
യുപി പോലിസിന്റെ ഹീനമായ കുറ്റകൃത്യത്തിനെതിരേ എസ്ഡിപിഐ ജില്ലാ ആസ്ഥാനത്ത് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തു
ലഖ്‌നോ:മകന്റെ അന്യായ കസ്റ്റഡി എതിര്‍ത്തതിന്റെ പേരില്‍ യുപി പോലിസിന്റെ വെടിയേറ്റ് മരിച്ച റോഷ്‌നിയുടെ കുടുംബത്തെ എസ്ഡിപിഐ സംഘം സന്ദര്‍ശിച്ചു.എസ്ഡിപിഐ ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി മുഈദ് ഹാഷിമി, സെന്‍ട്രല്‍ യുപി വൈസ് പ്രസിഡന്റ് ഹാറൂണ്‍ സാഹില്‍, ജനറല്‍ സെക്രട്ടറി മോ സലിം, അസംഗഡ് ജില്ലാ പ്രസിഡന്റ് അഖില്‍ അഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് കുടുംബത്തെ ആശ്വസിപ്പിക്കാനായി എത്തിയത്.
യുപി പോലിസിന്റെ ഹീനമായ കുറ്റകൃത്യത്തിനെതിരേ എസ്ഡിപിഐ ജില്ലാ ആസ്ഥാനത്ത് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തു.കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പോലിസുകാരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം നടത്തുകയും ഇരയുടെ കുടുംബത്തിന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും വേണമെന്നും സംഘം ആവശ്യപ്പെട്ടു.
മേയ് 14ന് സിദ്ധാര്‍ത്ഥനഗര്‍ ജില്ലയിലെ സദര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊദ്രഗ്രാന്റ് ഗ്രാമത്തിലാണ് പോലിസിന്റെ വെടിയേറ്റ് റോഷ്‌നി മരണപ്പെട്ടത്.സംഭവം നടന്നയുടന്‍ പോലിസ് സംഘം ഗ്രാമത്തില്‍ നിന്ന് കടന്നുകളയുകയായിരുന്നു. ഇരുപതോളം ഓളം പോലിസുകാര്‍ തങ്ങളുടെ വീട്ടിലെത്തി കാരണമൊന്നും പറയാതെ സഹോദരന്‍ അബ്ദുള്‍ റഹ്മാനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതായി റോഷ്‌നിയുടെ മകന്‍ അതിര്‍ഖുര്‍ റഹ്മാന്‍ പറഞ്ഞു.മകന്റെ അന്യായ കസ്റ്റഡിയെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പോലിസുകാരില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അതിഖുര്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന്, പോലിസുകാരെ കടന്നുകളയാന്‍ സഹായിച്ച ഉന്നത പോലിസ് നടപടിയില്‍ ഗ്രാമവാസികള്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും പിന്നീട് ഗ്രാമത്തില്‍ വന്‍ പോലിസ് സന്നാഹത്തെ വിന്യസിക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തിരുന്നു.