വഖ്ഫ് ഭേദഗതി ബില്ല്; രാജ്യവ്യാപക പ്രതിഷേധം നടത്തി എസ്ഡിപിഐ

Update: 2025-02-13 10:17 GMT
വഖ്ഫ് ഭേദഗതി ബില്ല്; രാജ്യവ്യാപക പ്രതിഷേധം നടത്തി എസ്ഡിപിഐ

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ല് കത്തിച്ച് രാജ്യ വ്യാപക പ്രതിഷേധം നടത്തി എസ്ഡിപിഐ. ബില്ലിനെതിരേ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളൊന്നും മുഖവിലക്കെടുക്കാതെയാണ് ഇന്ന് രാജ്യസഭ വഖ്ഫ് ജെപിസി റിപോര്‍ട്ട് അംഗീകരിച്ചത്. ഇതിനെതിരേയാണ് പ്രതിഷേധം. വഖ്ഫ് നിയമഭേദഗതി ബില്ല് ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്തിമ റിപോര്‍ട്ടില്‍ നിന്ന് പ്രതിപക്ഷ എംപിമാരുടെ വിയോജനക്കുറിപ്പുകളുടെ പ്രധാനഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു. ഈ ബില്ലാണ് രാജ്യസഭ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

2024 ആഗസ്ത് 8 ന് ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രി കിരണ്‍ റിജിജുവാണ് വഖ്ഫ് ഭേദഗതി നിയമം 2024 പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്ന് വഖ്ഫ് ഭേദഗതി ബില്ല് ജെപിസിക്ക് വിട്ടത്. ലോക്‌സഭയില്‍നിന്ന് 21 പേരും രാജ്യസഭയില്‍നിന്ന് 10 പേരും ഉള്‍പ്പെട്ട ജെപിസിയുടെ ചെയര്‍മാനായി കോണ്‍ഗ്രസ് വിട്ടു വന്ന യുപി മുന്‍ മുഖ്യമന്ത്രിയും നിലവില്‍ ബിജെപി ലോക്സഭാംഗവുമായ ജഗദാംബിക പാലിനെയാണ് നിയമിച്ചത്.

എന്നാല്‍ തീര്‍ത്തും പ്രതിപക്ഷത്തിന് ഒരു റോളും കൊടുക്കാത്ത നടപടിയാണ് ജെപിസി സ്വീകരിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളെല്ലാം ജെപിസി തള്ളുകയായിരുന്നു. വഖ്ഫ് ബില്ലിന്റെ കരട് റിപോര്‍ട്ട് ജനുവരി 28ന് രാത്രിയാണ് അംഗങ്ങള്‍ക്ക് നല്‍കിയത്. ശേഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്താനുള്ള മതിയായ സാവകാശം പോലും അവര്‍ നിഷേധിച്ചു. ലഭിച്ച സമയത്തിനുള്ളില്‍, ബില്ല് മുസ്ലിംകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും പാര്‍ലമെന്ററി സമിതിയുടെ റിപോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സംയുക്തപാര്‍ലമെന്ററി സമിതിയിലെ പ്രതിപക്ഷ എംപിമാര്‍ വിയോജനക്കുറിപ്പ് നല്‍കി. ഈ വിയോജനക്കുറിപ്പുകളും കൂടി ചേര്‍ത്തായിരിക്കണം റിപോര്‍ട്ട് പാര്‍ലമെന്റ് പരിഗണിക്കേണ്ടതെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം ഒഴിവാക്കിയാണ് റിപോര്‍ട്ട് മേശപുറത്തെത്തിയത്. തികച്ചും ന്യൂനപക്ഷത്തിന്റെ വിശ്വാസങ്ങളെ തകര്‍ക്കുന്ന ഒരു ബില്ലിനാണ് ഇപ്പോള്‍ അംഗീകാരം കൊടുത്തിരിക്കുന്നത്. രാജ്യവ്യാപകമായി തന്നെ ഇതിനെതിരേ വരും ദിവസങ്ങളിലും പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് എസ്ഡ്പിഐ പറഞ്ഞു.

Tags:    

Similar News