അനുമതിയില്ലാതെ റോഡരികിലെ മരം മുറി; അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ വിജിലന്‍സിന് പരാതി നല്‍കി
അരീക്കോട്: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ പത്തനാപുരം പള്ളിപ്പടി ഭാഗത്തെറോഡ് വീതി കൂട്ടുന്നതിന്റെ പ്രധാന റോഡില്‍പ്പെടാത്ത ചെറുപുഴപാലത്തിലെ അപ്രോച്ച് റോഡിലുള്ള തണല്‍മരങ്ങള്‍ മുറിച്ചുമാറ്റി. അനുമതിയില്ലാതെയാണ് മരം മുറിച്ചതെന്ന ആരോപണവുമായി എസ്ഡിപിഐ രംഗത്തെത്തി. അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന്‍ പരാതി നല്‍കിയതായി കിഴുപറമ്പ് എസ്ഡിപിഐ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. റോഡ് പ്രവര്‍ത്തിയുടെ മറവില്‍ അനുമതിയില്ലാതെ അനധികൃതമായി പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരേ ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി കൊണ്ട് പൊതുമരാമത്തിന് കീഴിലുള്ള തിരുവനന്തപുരം ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ക്ക് പരാതി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പൊതുമുതല്‍നശിപ്പിച്ചവര്‍ക്കെതിരെ നടപടിസ്വീകരിക്കാന്‍ വൈകുന്നതിന് പിന്നില്‍ രാഷ്ട്രീയ ഇടപ്പെടല്‍ മൂലമെന്ന് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം. സോഷ്യല്‍ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കിഴുപറമ്പ് പഞ്ചായത്തിന്റയും ആനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചുമാറ്റിയത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമെന്നാണ് വിവരം .
എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ കുറ്റൂളി ഭാഗത്തുള്ള മരങ്ങള്‍ മുറിച്ചു മാറ്റാനാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇതിന്റെ മറവില്‍ മറ്റു ഭാഗങ്ങളിലെ മരങ്ങള്‍ കൂടി മുറിച്ചുമാറ്റുകയായിരുന്നു. മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനിടെ പ്രധാന റോഡില്‍പ്പെടാത്ത ബസ് കാത്തിരിപ്പ് കേന്ദ്രം മരം തള്ളിയിട്ട് തകര്‍ത്തതിനെതിരേ കിഴുപറമ്പ്പഞ്ചായത്ത് നടപ്പടി സ്വീകരിക്കാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദത്തിലാണെന്ന് പറയുന്നു.
ഇതിനിടെ ഇന്ന് രാവിലെ തകര്‍ക്കപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രം പോലിസ് സംരക്ഷണത്തിന്‍ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കിയതിന് സംരക്ഷണം നല്‍കിയത് എംഎല്‍എ പി കെ ബഷീറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് അരീക്കോട് പോലിസ് അറിയിച്ചു. മഞ്ചേരി പൊതുമരാമത്തില്‍ നിന്നോ കിഴുപറമ്പ് പഞ്ചായത്തിന്‍ നിന്നോ നീക്കം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റോഡരികിലെ മരങ്ങള്‍ അനധികൃതമായി മുറിച്ചു മാറ്റുകയും ബസ് സ്‌റ്റോപ്പ് തകര്‍ക്കുകയും ചെയ്തതിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. അനുമതിയില്ലാതെ പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ മലപ്പുറം ജില്ലാ വിജിലന്‍സില്‍ പരാതിപ്പെട്ടതായി എസ്ഡിപിഐ കിഴുപറമ്പ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അറിയിച്ചു.