ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ജവമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ പാര്‍ലമെന്റിലില്ല: പി ആര്‍ സിയാദ്

Update: 2022-07-29 14:45 GMT

ഇരിട്ടി: രാജ്യത്ത് ഹിന്ദുത്വ ഫാഷിസം സകലമേഖലകളിലും പിടിമുറുക്കുമ്പോള്‍ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആര്‍ജവത്തോടെ ഏറ്റെടുത്ത് സംസാരിക്കാന്‍ കഴിവുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയുടെ പാര്‍ലമെന്റിലില്ലെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. ചാവശ്ശേരി ഇന്ദിരാഗാന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 ഭരണകൂട ഭീകരതയ്‌ക്കെതിരേ സംസാരിക്കുകയും നിലപാടെടുക്കുകയും ചെയ്യുന്നവരെ ഭരണകൂടം വേട്ടയാടി ജയിലിലടച്ചിരിക്കുകയാണ്. 2002ലെ ഗുജറാത്ത് കലാപത്തില്‍ ഇരകള്‍ക്കൊപ്പം നിന്ന പൗരാവകാശ, മാധ്യമപ്രവര്‍ത്തകരെയും സത്യസന്ധരായ പോലിസ് ഉദ്യോഗസ്ഥരെയും തിരഞ്ഞു പിടിക്കുന്നു. സഞ്ജീവ് ഭട്ടും ടീസ്ത സെതല്‍വാദും ആര്‍ ബി ശ്രീകുമാറും അടക്കമുള്ളവരെയും, ചാനല്‍ ചര്‍ച്ചയില്‍ ബിജെപി വക്താവായ നുപുര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദ പുറത്തുകൊണ്ടുവന്ന ആള്‍ട്ട് ന്യൂസ് ഉടമ സുബൈര്‍ അടക്കമുള്ളവരെയും വേട്ടയാടി ജയിലിലടച്ചുകോണ്ടിരിക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരേ നിശബ്ദരായിരിക്കുകയാണ് മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് പിഎം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം സൗദാ നസീര്‍, പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം കെ യൂനുസ്, സെക്രട്ടറി നാലകത്ത് റിയാസ്, ഇരിട്ടി മുനിസിപ്പല്‍ സെക്രട്ടറി, സത്താര്‍ ചാലില്‍, ജോ.സെക്രട്ടറി ഹസീന ഇസ്മയില്‍ സംസാരിച്ചു.

Tags:    

Similar News