ഹോളി ആഘോഷത്തോടനുബന്ധിച്ചുള്ള സംഭവങ്ങള്‍ ആശങ്കാജനകം: എസ്ഡിപിഐ

Update: 2025-03-15 05:24 GMT
ന്യൂഡൽഹി : ഹോളി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. നിയമപാലകരിലെ പക്ഷപാതിത്വം, ക്രമസമാധാന ലംഘനം, ഹിന്ദു-മുസ് ലിം സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെ ആവശ്യകത എന്നിവ ബോധ്യപ്പെടുത്തുന്നതാണ് സമീപകാല സംഭവങ്ങള്‍.

വര്‍ത്തമാനകാല റിപ്പോര്‍ട്ടുകള്‍ നമ്മുടെ നിയമപാലക ഏജന്‍സികളുടെ നിഷ്പക്ഷതയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഹോളി സമയത്ത് പള്ളികള്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് മൂടാനുള്ള സാംഭലിലെ അധികാരികളുടെ തീരുമാനം, മുസ് ലിംകള്‍ നിറങ്ങളോട് അസഹിഷ്ണുതയുള്ളവരാണെങ്കില്‍ ഹോളി സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന യുപി പോലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന പോലുള്ള ഉദ്യോഗസ്ഥരുടെ വിവേകശൂന്യമായ പരാമര്‍ശങ്ങള്‍  വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. നമ്മുടെ ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന സമത്വത്തിന്റെയും നീതിയുടെയും അടിസ്ഥാന തത്വങ്ങളെ അത്തരം നടപടികളും പ്രസ്താവനകളും ദുര്‍ബലപ്പെടുത്തുന്നു.
ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ ഹോളി ആഘോഷം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ ലക്ഷ്യംവെച്ചുള്ള അതിക്രമങ്ങള്‍ക്ക് കാരണമാകുന്നത് ഖേദകരമാണ്. മുസ് ലിം സമൂഹത്തിനെതിരായ വര്‍ധിച്ച അക്രമങ്ങള്‍ക്ക് പ്രേരണയാകുന്ന ഗുണ്ടായിസത്തിലേക്ക് ആഘോഷങ്ങള്‍ വഴിമാറുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, മധ്യപ്രദേശിലെ മോവില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഹോളിക്ക് മുമ്പ് പോലീസ് അതീവ ജാഗ്രത പാലിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ആഘോഷ വേളയില്‍ വ്യാപകമായ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ടെന്നതിനെ സൂചിപ്പിക്കുന്നു. ഇത്തരം ക്രമസമാധാന ലംഘനങ്ങള്‍ ഉത്സവത്തിന്റെ ആത്മാവിനെ കളങ്കപ്പെടുത്തുക മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ ഐക്യത്തിന്  ഭീഷണിയാണ്.
ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹിന്ദു-മുസ് ലിം സമൂഹങ്ങള്‍ ഐക്യപ്പെടേണ്ടത് അത്യാവശ്യമാണ്. നമ്മുടെ പൊതുവായ ചരിത്രം പരസ്പര ബഹുമാനത്തിന്റെയും ഐക്യത്തിന്റെയും ഉദാഹരണങ്ങളാല്‍ സമ്പന്നമാണ്. ഈ പൈതൃകത്തില്‍ നിന്ന് നമുക്ക് ശക്തി പ്രാപിക്കുകയും മതപരമായ രീതിയില്‍ നമ്മെ ഭിന്നിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തുകയും വേണം.
ചില ഗ്രൂപ്പുകള്‍ പ്രയോഗിക്കുന്ന ഭിന്നിപ്പിക്കല്‍ തന്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചുവരികയാണ്. ഹോളി സമയത്ത് മുസ് ലിം പുരുഷന്മാര്‍ 'ടാര്‍പോളിന്‍ ഹിജാബ്' ധരിക്കണമെന്ന് ഒരു ബിജെപി നേതാവ് നിര്‍ദ്ദേശിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകോപനപരമായ പ്രസ്താവനയായി കാണാം. കൂടാതെ, ഹോളി സമയത്ത് മുസ് ലിംകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് ആവശ്യപ്പെട്ട് ഒരു ബിഹാര്‍ ബിജെപി എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ മറ്റൊരു മാധ്യമ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നമ്മുടെ സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുക എന്നതാണ് ഇത്തരം ആഖ്യാനങ്ങള്‍ ലക്ഷ്യമിടുന്നത്. നമ്മുടെ രാജ്യത്തിന്റെ മതേതരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ധാര്‍മ്മികത നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ തന്ത്രങ്ങളെ തിരിച്ചറിയുകയും അതിജീവിക്കുകയും ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.
നീതി, സമത്വം, സാമുദായിക ഐക്യം എന്നിവയ്ക്കായി നിലകൊള്ളുന്നതില്‍ എസ്ഡിപിഐ പ്രതിജ്ഞാബദ്ധമാണെന്നും എല്ലാത്തരം വിവേചനങ്ങള്‍ക്കും എതിരെ ഐക്യത്തോടെ നിലകൊള്ളാനും സമാധാനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്ത്യയ്ക്കായി കൂട്ടായി പ്രവര്‍ത്തിക്കാനും  എല്ലാ പൗരന്മാരോടും അദ്ദേഹം അഭ്യര്‍ഥിച്ചു.