രോഗികളെ പ്രജകളെ പോലെ കാണുന്ന തൃശൂര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ സമീപനം അവസാനിപ്പിക്കുക: എം ഫാറൂഖ്
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥര്‍ രോഗികളോട് പ്രചകളോടെന്ന രീതിയിലുള്ള ധാര്‍ഷ്ട്യത്തോടെയാണ് സമീപിക്കുന്നന്നും അത്തരം പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം ഫാറൂഖ് ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിന്റെ അപര്യാപ്തതയ്ക്കും അധികൃതരുടെ അനാസ്ഥയ്ക്കുമെതിരേ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ എസ്ഡിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ നല്‍കിയ വിയര്‍പ്പിന്റെ വിഹിതത്തില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ അന്നം കഴിക്കുന്നതെന്ന് തിരിച്ചറിയണം.
സ്വകാര്യാശുപത്രികള്‍ക്ക് വരുമാനമുണ്ടാക്കിക്കൊടുക്കുന്ന ഏജന്‍സിയെന്ന നിലയിലാണ് മെഡിക്കല്‍ കോളജ് അധികാരികള്‍ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ യോഗ്യതാ പ്രകാരം മാനദണ്ഡങ്ങള്‍ പാലിച്ച് പുനര്‍നിയമിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മാനദണ്ഡമാക്കി പാവപ്പെട്ട രോഗികളോട് കാണിക്കുന്ന ഇത്തരം ക്രൂരത അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ വൈസ് പ്രസിഡന്റ് ഇ എം ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഷറഫ് വടക്കൂട്ട്, ജില്ലാ സെക്രട്ടേറിയറ്റംഗം ഉമര്‍ മുഖ്താര്‍, വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ മനാഫ് കരൂപ്പടന്ന, റഫീന സൈനുദ്ദീന്‍, റാഫി താഴത്തേതില്‍, ജില്ലാ ട്രഷറര്‍ അക്ബര്‍ ഇടക്കഴിയൂര്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ ബി അബൂതാഹിര്‍, ആസിഫ് അബ്ദുല്ല, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഹുസൈന്‍ തങ്ങള്‍, ഷാജി ചെറുതുരുത്തി, എം കെ ഷമീര്‍, ഇര്‍ഷാദ് മാസ്റ്റര്‍, മുസമ്മില്‍ തങ്ങള്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.