സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് അള്ള് വച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

അരിക്കുളം ഒറവിങ്കല്‍ താഴ ഭാഗത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പരിശോധിക്കുകയായിരുന്ന കീഴരിയൂര്‍ പഞ്ചായത്ത് സെക്ടറല്‍ മജിസ്‌ട്രേറ്റ് കൂടിയായ കീഴരിയൂര്‍ വില്ലേജ് ഓഫീസര്‍ അനില്‍ കുമാറിന്റെ വാഹനത്തിനാണ് ഒരു സംഘം അള്ളുവച്ചത്.

Update: 2021-05-30 08:19 GMT

കൊയിലാണ്ടി: സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് അള്ള് വച്ച് കേടുവരുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. അരിക്കുളം ഒറവിങ്കല്‍ താഴ ഭാഗത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പരിശോധിക്കുകയായിരുന്ന കീഴരിയൂര്‍ പഞ്ചായത്ത് സെക്ടറല്‍ മജിസ്‌ട്രേറ്റ് കൂടിയായ കീഴരിയൂര്‍ വില്ലേജ് ഓഫീസര്‍ അനില്‍ കുമാറിന്റെ വാഹനത്തിനാണ് ഒരു സംഘം അള്ളുവച്ചത്. അള്ള് തറച്ച് വാഹനത്തിന്റെ നാല് ചക്രവും പഞ്ചറായി.

സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ കുന്നോത്ത് മീത്തല്‍ സവാദ്, പുതുശ്ശേരിതാഴ റംഷീദ് എന്നിവരെയാണ് കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തത്. മരപ്പലകയില്‍ ആണി തറച്ച് ചെമ്മണ്‍ പാതയിലെ കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തില്‍ നിരത്തിയിടുകയായിരുന്നു. ഇത്തരത്തില്‍ എട്ടിടങ്ങളില്‍ മരപ്പലകയില്‍ ആണി തറച്ചിട്ടതായി പരിശോധനയില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം ഒറവിങ്കല്‍താഴ ഭാഗത്ത് പരിശോധന നടത്തവെ സമീപത്തെ പൊതുകിണറിനും പമ്പ് ഹൗസിനും അരികില്‍ ചിലര്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉദ്യോഗസ്ഥരെ

കണ്ടതോടെ കൂട്ടംകൂടി നിന്നവര്‍ ഓടിരക്ഷപ്പെട്ടു.അടുത്ത ദിവസവും ഇതേസ്ഥലത്ത് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ആണിതറച്ച് മരപ്പലകകളില്‍ കയറി വാഹനത്തിന്റെ ടയര്‍ കേടായത്. സ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് പല സ്ഥലത്തും സമാനതരത്തില്‍ അള്ള് വച്ചതായി കണ്ടെത്തിയത്.

സ്ഥലത്തെത്തിയ കൊയിലാണ്ടി സിഐ എം പി സന്ദീപ് കുമാര്‍ ആണി അടിച്ചുകയറ്റിയ എട്ട് മരപ്പലകകള്‍ കസ്റ്റഡിയില്‍ എടുത്തു.സംഭവത്തില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് സിഐ പറഞ്ഞു.

Tags:    

Similar News