കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ
കാസര്‍കോട് : കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകുവിലെ പിഎ സലീമാണ് അറസ്റ്റിലായത്. ആന്ധ്രയിലെ അഡോണിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി നല്‍കിയ മൊഴി. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ പുലര്‍ച്ചെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പോലിസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തിലേറെ നാളായി യുവാവ് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കുടകില്‍ എത്തുമ്പോള്‍ മാതാവിന്റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഇതോടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായില്ല.