ശൈലജ ടീച്ചറുടെ മന്ത്രിസ്ഥാനം; നിലവിളിച്ചും സ്വയം സമാധാനിച്ചും ഇടത് സൈബര്‍ പോരാളികള്‍

2018 മെയ് ജൂണ്‍ മാസങ്ങളില്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ നീപ്പ വൈറസ് ബാധയുടെ കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അതോടെ മുഖ്യമന്ത്രി പിണറായി വിജയനെക്കാളും വലിയ ഹീറോ ആയി ശൈലജയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാഴ്ത്തിപ്പാടി.

Update: 2021-05-18 11:52 GMT

കോഴിക്കോട്: പിണറായി മന്ത്രിസഭയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഏറ്റവുമധികം അഭിമാനിച്ചിരുന്ന മന്ത്രിയായ കെ കെ ശൈലജയെ വന്‍ ഭൂരിപക്ഷം നേടിയിട്ടും മന്ത്രിസ്ഥാനത്തു നിന്നും തഴഞ്ഞതില്‍ സൈബറിടങ്ങളിലെ സിപിഎം പോരാളികളില്‍ അമ്പരപ്പ്. ഉള്ളിലടക്കിപ്പിടിച്ച പ്രതിഷേധം ചിലര്‍ പ്രകടിപ്പിച്ചപ്പോള്‍ പാര്‍ട്ടി തീരുമാനം തെറ്റാറില്ലെന്നും അഞ്ചു വര്‍ഷം മുന്‍പ് എംഎല്‍എ മാത്രമായ ശൈലജയെ രാജ്യം അറിയുന്ന മന്ത്രിയാക്കിയത് പാര്‍ട്ടി ആണെന്നുമുള്ള സ്വയം സമാധാനിപ്പിക്കലിലാണ് മറ്റു ചിലര്‍.

2018 മെയ് ജൂണ്‍ മാസങ്ങളില്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ നീപ്പ വൈറസ് ബാധയുടെ കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അതോടെ മുഖ്യമന്ത്രി പിണറായി വിജയനെക്കാളും വലിയ ഹീറോ ആയി ശൈലജയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാഴ്ത്തിപ്പാടി. പിന്നീട് സംസ്ഥാനത്ത് കൊവിഡിന്റെ ആദ്യ തരംഗമുണ്ടായ കാലത്ത് മന്ത്രി ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പല അംഗീകാരങ്ങളും അവരെ തേടിയെത്തി. കൊവിഡിന്റെ ആദ്യ ഘട്ടങ്ങളില്‍ ആരോഗ്യ വകുപ്പു മന്ത്രി എന്ന നിലയില്‍ കെ കെ ശൈലജയാണ് എന്നും വൈകിട്ട് വാര്‍ത്താസമ്മേളനത്തിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചത്. ആരോഗ്യ വകുപ്പു സെക്രട്ടറിയുമായി വന്ന് അവര്‍ നടത്തിയ വാര്‍ത്ത സമ്മേളനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മന്ത്രി ശൈലജ സൂപ്പര്‍ മുഖ്യമന്ത്രിയായി മാറുമെന്ന ഘട്ടം വന്നതോടെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ ഉള്‍പ്പടെയുള്ള അഭിപ്രായത്തെ തുടര്‍ന്ന് നിത്യവമുള്ള കൊവിഡ് വിശദീകരണം പിണറായി വിജയന്‍ ഏറ്റെടുക്കുകയായിരുന്നു. മന്ത്രി ശൈലജ ഇതോടെ രംഗത്തു നിന്നും മാറുകയും കൊവിഡ് സംബന്ധിച്ച എല്ലാ സര്‍ക്കാര്‍ തീരുമാനങ്ങളും അറിയിക്കുന്നതിന്റെ ചുമതലകള്‍ മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ 60963 വോട്ടുകളുടെ മികച്ച ഭൂരിപക്ഷവും രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരും അംഗീകരിച്ച പ്രവര്‍ത്തന മികവുമുള്ള കെ കെ ശൈലജക്ക് വീണ്ടും മന്ത്രി സ്ഥാനം ലഭിക്കുമെന്നും കൊവിഡിന്റെ തുടര്‍ ഘട്ടങ്ങളിലും സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് അവരുണ്ടാകുമെന്നും ആയിരുന്നു പൊതുവിലുയര്‍ന്ന പ്രതീക്ഷ. എന്നാല്‍ കെ കെ ശൈലജയുടേയും അണികളുടേയും പ്രതീക്ഷകളെ സിപിഎം വെട്ടിനിരത്തി.

മന്ത്രി ശൈലജയുടെ ഭരണമികവ് വാഴിച്ചിപ്പാടി സൈബറിടങ്ങളില്‍ നിറഞ്ഞു നിന്ന സിപിഎം ഗ്രൂപ്പുകള്‍ ഇപ്പോള്‍ നിശബ്ദരാണ്. പാര്‍ട്ടിക്ക് തെറ്റുപറ്റാറില്ല എന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു എന്നുമുള്ള തണുപ്പന്‍ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. പാര്‍ട്ടി അംഗീകരിച്ചില്ലെങ്കിലും കെ കെ ശൈലജ മന്ത്രി തന്നെയാണ് എന്ന തരത്തിലുള്ള എഫ്ബി പോസ്റ്റുകളും സിപിഎം പ്രവര്‍ത്തകരില്‍ നിന്നും വരുന്നുണ്ട്. പിണറായി വിജയന്‍ സിപിഎമ്മില്‍ ഏകാധിപതി ആയി മാറി എന്ന തരത്തിലുള്ള പരോക്ഷ വിമര്‍ശനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പ്രകടിപ്പിക്കുന്നുണ്ട്.

Tags:    

Similar News