സ്വപ്നയുടെ വെളിപ്പെടുത്തല്‍;മുന്‍കൂര്‍ ജാമ്യം തേടി ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍
സ്വപ്നക്കെതിരായ ഗൂഢാലോചനക്കേസില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്
കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനം വിട്ട ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. സ്വപ്നക്കെതിരായ ഗൂഢാലോചനക്കേസില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
സ്വപ്നയുടേയും,പ്രതിപക്ഷത്തിന്റെയും സമ്മര്‍ദത്താല്‍ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഹരജിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാം എന്ന് ഇരുവരും ഉറപ്പ് നല്‍കിയിട്ടുണ്ട്.രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഗൂഢാലോചനയില്‍ കുടുക്കിയതാണെന്നും ശബ്ദസന്ദേശത്തില്‍ കൃത്രിമം കാട്ടിയതായും ഷാജ് ആരോപിച്ചു.
അതേസമയം സ്വപ്നയ്ക്ക് എതിരായ പരാതിയില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും പോലിസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ മൊഴിയെ തുടര്‍ന്നാണ് ഷാജ് കിരണും,ഇബ്രാഹിമും നാട് വിട്ടത്.
അതേസമയം സ്വപ്നയുമായുള്ള സംഭാഷണത്തിന്റെ വീഡിയോ കിട്ടിയാല്‍ ഉടന്‍ കേരളത്തില്‍ എത്തുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. തന്നെ കെണിയില്‍ പെടുത്താന്‍ ഗൂഢാലോചന നടന്നെന്നും സ്വപ്നയുടെ ഫോണ്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തമിഴ്നാട്ടില്‍ എത്തിയ ശേഷമാണ് ഷാജ് കിരണ്‍ അഭിഭാഷകന് മുഖേന പരാതി നല്‍കിയത്.