'ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോ​ഗതി ഉണ്ടായിട്ടില്ല'; ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ

Update: 2024-07-12 05:17 GMT

തിരുവനന്തപുരം: വിഴിഞ്ഞം ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപി. താന്‍ തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെന്ന് പറഞ്ഞ ശശി തരൂര്‍ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളില്‍ പുരോഗതിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി.

വിഴിഞ്ഞത്ത് കപ്പലെത്തിയതോടെ വികസന വഴിയില്‍ കേരളവും ഇന്ത്യയും പ്രതീക്ഷിക്കുന്നത് വന്‍കുതിപ്പാണ്. ഇന്ത്യയിലേക്കുള്ള ചരക്ക് ഗതാഗതത്തിന്റെ ഹബ്ബായി മാറുന്ന വിഴിഞ്ഞം സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും. അതേസമയം, ഉദ്ദേശിച്ച ലക്ഷ്യത്തിലേക്കെത്താന്‍ കടമ്പകള്‍ ഇനിയും ബാക്കിയാണ്.

സിംഗപ്പൂര്‍, ചൈന, യുഎഇ അടക്കം തുറമുഖം തലവരമാറ്റിയ ഒരുപാട് രാജ്യങ്ങളുണ്ട്. മെഴസ്‌ക്കിന്റെ സാന്‍ ഫെര്‍നാണ്ടോ കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് കിടക്കുമ്പോള്‍ വാനോളം പ്രതീക്ഷകളാണ്. വിഴിഞ്ഞം കേരളത്തിന്റെയും ഇന്ത്യയുടേയും ഗതിമാറ്റിമറിക്കും. ഇന്ത്യയിലേക്ക് കപ്പല്‍ വഴിയുള്ള ചരക്ക് ഗതാഗതമേറയും സിംഗപ്പൂരും കൊളംബോയും വഴിയാണ്. കൂറ്റന്‍ ചരക്കുകള്‍ അവിടെ നിന്ന് ഫീഡര്‍ കപ്പലിലൂടെ രാജ്യത്തേക്കെത്തിക്കുന്നത് വഴിയുള്ള സമയനഷ്ടവും ധനനഷ്ടവും ഇനി പഴങ്കഥയാവും. വിഴിഞ്ഞത്ത് മദര്‍ഷിപ്പുകള്‍ നേരിട്ടെത്തും. വിഴിഞ്ഞം വഴി ചരക്കുകള്‍ മറ്റിടങ്ങളിലേക്ക് പോകും. അന്താരാഷ്ട്രാ കപ്പല്‍ ചാലിന് അടുത്ത ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖാമായ വിഴിഞ്ഞം തുറമുഖ സര്‍ക്യൂട്ടിലെ നിര്‍ണ്ണായക കേന്ദ്രമാകും.

ആദ്യഘട്ട കമ്മീഷന്‍ പൂര്‍ത്തിയാകുന്ന ഈ വര്‍ഷം തന്നെ അടുത്ത ഘട്ടവും തുടങ്ങും. അദാനി പൂര്‍ണ്ണമായും പണം മുടക്കുന്ന രണ്ടാം ഘട്ടം 2028ല്‍ തീര്‍ക്കും. 4 വര്‍ഷം കൊണ്ട് 9600 കോടിയുടെ നിക്ഷേപമാണ് കേരളതീരത്തേക്ക് വരുന്നത്. പക്ഷെ റോഡ്‌റെയില്‍ കണക്ടീവിറ്റിയാണ് പ്രശ്‌നം. സ്ഥലമേറ്റെടുക്കല്‍ കടമ്പ. തുറമുഖം മുന്നില്‍ കണ്ടുള്ള റിംഗ് റോഡ് പദ്ധതികളും ഒന്നുമായില്ല. കമ്മീഷന്‍ ചെയ്ത് 15 ആം വര്‍ഷം മുതല്‍ ലാഭമെന്നാണ് കണക്ക്. വളരെ വൈകിയെങ്കിലും ഒടുവില്‍ കപ്പലെത്തുമ്പോള്‍ ബാക്കി പ്രതിസന്ധികളും മറികടന്നുള്ള കുതിപ്പിനാണ് കാത്തിരിപ്പ്.

Tags:    

Similar News