അഡ്വാനിക്ക് ജന്മദിനാശംസ നേര്‍ന്ന ശശി തരൂരിനെതിരേ സോഷ്യല്‍ മീഡിയ: എതിരാളിയുടെ മനുഷ്യത്വത്തെ ബഹുമാനിക്കാന്‍ പഠിപ്പിച്ചത് ഗാന്ധിയെന്ന വിശദീകരണവുമായി തരൂര്‍

Update: 2021-11-11 10:30 GMT

ന്യൂഡല്‍ഹി: ബിജെപി നേതാവ് എല്‍ കെ അഡ്വാനിക്ക് ജന്മദിന ആശംസ നേര്‍ന്നത് വിവാദമാക്കുന്നവര്‍ രാഷ്ട്രീയ സംവാദത്തിന്റെ മാന്യമായ ഭാഷ മനസ്സിലാവാത്തവരെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. എതിരാളികളെ ബഹുമാനിക്കാന്‍ പഠിപ്പിച്ചത് ഗാന്ധിജിയാണെന്നും തന്നെ സംഘിയാക്കാന്‍ ശ്രമിക്കുന്നവര്‍ താനെഴുതിയത് ഇതുവരെ വായിക്കാത്തവരാണെന്നും അവര്‍ക്കുവേണ്ടി മൂല്യങ്ങള്‍ ബലികഴിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

അടുത്ത വര്‍ഷങ്ങളിലും എല്‍ കെ അഡ്വാനിക്കും നരേന്ദ്ര മോദിക്കും ആശംസകള്‍ നേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഡ്വാനിയെ മികച്ച മനുഷ്യനായി ചിത്രീകരിച്ചുകൊണ്ടുളള ജന്മദിനാശംസ ട്വീറ്റാണ് സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായത്. അതിനു നല്‍കിയ മറുപടി ട്വീറ്റിലാണ് തരൂര്‍ വിശദീകരണവുമായി രംഗത്തുവന്നത്.

'' എല്‍ കെ അഡ്വാനിജിക്ക് ഞാന്‍ ജന്മദിനാശംസകള്‍ നേര്‍ന്നതിനെതിരേയുണ്ടായ രൂക്ഷമായ പ്രതികരണത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ നിന്ന് മര്യാദ പൂര്‍ണമായും അപ്രത്യക്ഷമായോ? രാഷ്ട്രീയ എതിരാളികളിലെ മനുഷ്യത്വത്തെ ബഹുമാനിക്കാന്‍ നമ്മെ പഠിപ്പിച്ചത് ഗാന്ധിയാണ്. ഇപ്പോള്‍ എന്നെ ഒരു സംഘി അനുഭാവി ആക്കുകയാണെന്നു തോന്നുന്നു''-തരൂര്‍ ട്വീറ്റ് ചെയ്തു. 

Full View

പോസ്റ്റിന്റെ പൂര്‍ണരൂപം:

 ''എല്‍ കെ അഡ്വാനിജിക്ക് ഞാന്‍ ജന്മദിനാശംസകള്‍ നേര്‍ന്നതിനെതിരേയുണ്ടായ രൂക്ഷമായ പ്രതികരണത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ നിന്ന് മര്യാദ പൂര്‍ണമായും അപ്രത്യക്ഷമായോ? രാഷ്ട്രീയ എതിരാളികളിലെ മനുഷ്യത്വത്തെ ബഹുമാനിക്കാന്‍ നമ്മെ പഠിപ്പിച്ചത് ഗാന്ധിയാണ്. ഇപ്പോള്‍ എന്നെ ഒരു സംഘി അനുഭാവി ആക്കുകയാണെന്നു തോന്നുന്നു.

വാസ്തവത്തില്‍, ഗാന്ധിജി നമ്മെ പഠിപ്പിച്ചത് പാപത്തിനെതിരെ പോരാടാനും പാപിയെ സ്‌നേഹിക്കാനുമാണ് (ആലിംഗനം ചെയ്യാനും). അഹിംസ എന്നത് 'സ്‌നേഹത്തിന്റെ ക്രിയാത്മകമായ അവസ്ഥയാണ്, തിന്മ ചെയ്യുന്നവരോട് പോലും നന്മ ചെയ്യുന്നതാണ്'. നല്ലതും ചീത്തയും എനിക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഗാന്ധിയന്‍ പദങ്ങളാണെങ്കിലും (മിക്ക മനുഷ്യരും രണ്ടിന്റെയും മിശ്രിതമാണ്്), ഇരുവശത്തുമുള്ള അസഹിഷ്ണുതയെ ഞാന്‍ അപലപിക്കുന്നു.

അതിനാല്‍ അതെ, എല്‍ കെ അഡ്വാനിക്കും നരേന്ദ്ര മോദിക്കും അവരുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരുന്നത് തുടരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു, അതേസമയം അവര്‍ രാഷ്ട്രീയമായി നിലകൊള്ളുന്നതിനെ എതിര്‍ക്കുന്നു. എന്റെ 40 വര്‍ഷത്തെ എഴുത്ത് ഞാന്‍ എന്താണ് വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്. എന്നെ വായിക്കാത്തവര്‍ മാത്രമേ എന്നെ സംഘി എന്ന് വിളിക്കൂ. എന്റെ മൂല്യങ്ങള്‍ അവര്‍ക്കായി തള്ളിക്കളയില്ല.'' 

Tags:    

Similar News