കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. ഗംഗാവാലി പുഴിയിലെ തിരച്ചിലിന് എത്രയും പെട്ടെന്ന് ഡ്രഡ്ജര്‍ എത്തിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് അര്‍ജുന്റെ കുടുംബം അറിയിച്ചു. ഡ്രഡ്ജറിന്റെ പേര് പറഞ്ഞാണ് നേരത്തേയും ഇപ്പോഴും തിരച്ചില്‍ വൈകുന്നത്. ഡ്രഡ്ജറില്ലാതെ തിരച്ചില്‍ നടക്കില്ലെന്ന് എല്ലാവര്‍ക്കും ഉറപ്പുള്ള കാര്യമാണ്. എത്രയും വേഗം ഇതെത്തിച്ച് തിരച്ചില്‍ പുനരാരംഭിക്കണം. അനുകൂല നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രഡ്ജറിന് വേണ്ട തുകയില്‍ 50 ലക്ഷം രൂപ തുക ജില്ലാ ഭരണകൂടത്തിന് വഹിക്കാന്‍ കഴിയുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ബാക്കി തുകയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായം വേണ്ടത്. ഇത് ഉണ്ടാവുമെന്നാണ് കരുതുന്നത്. കാര്യങ്ങള്‍ അനുകൂലമായില്ലെങ്കില്‍ കേരള മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഇടപെടല്‍ ആവശ്യപ്പെടുമെന്നും അര്‍ജുന്റെ കുടുംബം പറഞ്ഞു.