ഷുഹൈബ് വധം: കൊല്ലിച്ചവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണം- മാര്‍ട്ടിന്‍ ജോര്‍ജ്

Update: 2023-02-15 16:01 GMT

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തല്‍ ഷുഹൈബ് വധത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നതിന്റെ വ്യക്തമായ തെളിവാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. സിപിഎം ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ പടലപ്പിണക്കമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നില്‍. എത്ര മൂടിവച്ചാലും സത്യം പുറത്തുവരും. ഷുഹൈബിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഷുഹൈബ് വധത്തില്‍ സിപിഎം നേതാക്കള്‍ക്കുള്ള പങ്ക് സിബിഐ അന്വേഷിക്കണം. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഷുഹൈബ് വധം നടന്നത്. അതിന് ആകാശ് തില്ലങ്കേരി അടക്കമുള്ള ഗുണ്ടകളെ അവര്‍ ഉപയോഗിച്ചു. അതിനുശേഷം വിവാഹം, വീട്, ജയിലില്‍ വേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷണം അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. സിപിഎം നേതൃത്വം ഗുണ്ടകളെ വളര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ഷുഹൈബ് കൊലചെയ്യപ്പെട്ട കാലത്ത് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അറിയാതെ കൊലപാതകം നടക്കില്ലെന്നും മുഴുവന്‍ കുറ്റവാളികളെയും കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നും ഷുഹൈബിന്റെ പിതാവ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News