നെഹ്രുവല്ല, ജിന്നയും മൗണ്ട്ബാറ്റനുമാണ് രാജ്യത്തെ വിഭജിച്ചതെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് രാജ്യത്തിന്റെ വിഭജനത്തിന് ഉത്തരവാദിയെന്ന ബിജെപിയുടെ ആരോപണത്തെത്തള്ളി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാന്‍ നെഹ്‌റു പരിശ്രമിച്ചെന്നും ഇന്ത്യയെ വിഭജിച്ചത് മുഹമ്മദലി ജിന്നയും മൗണ്ട് ബാറ്റണുമാണെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയ പതാക ഉയര്‍ത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു സിദ്ധരാമയ്യ. 'ജിന്ന മു,സ് ലിം ലീഗിനെ സൃഷ്ടിച്ചു, അവര്‍ പ്രത്യേക രാജ്യം ആവശ്യപ്പെട്ടു. മൗണ്ട് ബാറ്റണ്‍ ആവശ്യം അംഗീകരിച്ചു'- വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ഇന്ത്യയുടെ വിഭജനത്തിന് എങ്ങനെയാണ് നെഹ്‌റു ഉത്തരവാദിയെന്ന് പറയുന്നതെന്ന് സിദ്ധരാമയ്യ ചോദിച്ചു.
ജനങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കരുത്. അവര്‍ ചരിത്രം അറിയട്ടെ. ചരിത്രം വളച്ചൊടിക്കുന്നതിനു പിന്നില്‍ ആര്‍എസ്എസ്സിന്റെ ഹിഡന്‍ അജണ്ടയുണ്ട്. മാധ്യമങ്ങളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പുറത്തുവിട്ട മുഴുപേജ് പരസ്യങ്ങളില്‍ നെഹ്‌റുവിന്റെ ഫോട്ടോ ബോധപൂര്‍വം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് അവര്‍ (ബിജെപി സര്‍ക്കാര്‍) പറയുന്നു. ആര്‍എസ്എസ് നേതാക്കള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ?'- അദ്ദേഹം ചോദിച്ചു.
'രാജ്യത്ത് ബിജെപി വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് പിന്തുടരുന്നത്, ഇത് ആര്‍എസ്എസിന്റെ ഹിഡന്‍ അജണ്ടയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. നെഹ്‌റു സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയി- അദ്ദേഹം ഓര്‍മിപ്പിച്ചു.
'മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നോ? ബിജെപി നേതാക്കളായ രവികുമാര്‍ കെ, ഈശ്വരപ്പ ഇവരൊക്കെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയതാണോയെന്നും അദ്ദേഹം ചോദിച്ചു.