ഡെറാഡൂണ്‍: ഒരു കാലത്ത് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലെ തീര്‍ത്ഥാടന കാലം സമാധാനത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും കൂടിയായിരുന്നു. എന്നാല്‍ ഇന്ന് അവിടെയുള്ള ഒട്ടുമിക്കവരുടെയും ജീവിതത്തെ ഭയം എന്ന വികാരം കീഴ്‌പെടുത്തിയിട്ടുണ്ട്. അവിടെ ഹിന്ദുത്വരുടെ മുന്‍കൈയിലുള്ള ഭൈരവ് സേന എന്നറിയപ്പെടുന്ന സംഘം അമുസ് ലിംകളും റോഹിങ്ക്യന്‍ മുസ് ലിംകളും ഗ്രാമത്തില്‍ പ്രവേശിക്കുന്നതും കച്ചവടം നടത്തുന്നതും നിരോധിച്ചു കൊണ്ടുള്ള സൈന്‍ ബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിച്ചതോടെയാണ് മനുഷ്യമനസ്സുകളെ ഭയം ഭരിക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇത്തരത്തില്‍ പ്രചാരണം നടക്കുന്നുണ്ടെന്നും ഇക്കഴിഞ്ഞ ആഴ്ചകളില്‍ തന്റെ ഗ്രാമത്തിലും ഇത്തരത്തില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടെന്നും പ്രദേശവാസികളിലൊരാള്‍ പറഞ്ഞു. മുമ്പൊക്കെ ഇത്തരത്തിലൊരു വിഷയം ഇവിടെയുണ്ടായിരുന്നില്ലെന്നും വളരെ സമാധാനത്തോടെയാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും ചിലര്‍ പറയുന്നു.
'ഞാന്‍ ജീവിതകാലം മുഴുവന്‍ ഇവിടെ ചെലവഴിച്ചു. എന്നാല്‍ ഈ വിഷയങ്ങള്‍ ആദ്യമായാണ് സംഭവിക്കുന്നത് ' - പ്രദേശവാസികളിലൊരാളായ നദീം പറഞ്ഞു. മൈഖണ്ഡ , ഷെര്‍സി, നിയാല്‍സു , ത്രിയുഗി നാരായണന്‍, ബദാസു, ജാമു , ആര്യ, രവിഗ്രാം തുടങ്ങി ഒട്ടുമിക്ക ഗ്രാമങ്ങളിലും സമാനമായ ബോര്‍ഡുകള്‍ ഉയര്‍ന്നു വരുന്നുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഉത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്നാണ് ഹിന്ദുത്വ അനുകൂല സംഘടനയായ ഭൈരവ് സേനയുടെ വാദം.കച്ചവടം ചെയ്യാനെന്ന പേരില്‍ പുറത്തുനിന്ന് വന്നവരെ തങ്ങള്‍ സംശയിക്കുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്.മുസ്ലിം സേവാ സംഘടനയുടെയും എഐ എംഐഎമ്മിന്റെയും രണ്ട് പ്രതിനിധികള്‍ സംപ്തംബര്‍ 5 ന് ഉത്തരാഖണ്ഡ് ഡിജിപി അഭിനവ് കുമാറിനെ സന്ദര്‍ശിച്ച് മേഖലയില്‍ വര്‍ധിച്ചു വരുന്ന ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളെക്കുറിച്ച് ആശങ്ക പ്രകടപ്പിച്ചതിനെ തുടര്‍ന്ന് സൈന്‍ ബോര്‍ഡുകള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. അന്വേഷണത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇന്റലിജന്‍സിനും പ്രദേശിക യൂണിറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു.