സിസ്റ്റര്‍ ലൂസി ഐക്യദാര്‍ഢ്യ സംഗമം നടത്തി
കുറ്റവാളികളായ വൈദികരെ സംരക്ഷിക്കുകയും കുറ്റകൃത്യങ്ങളെ ചോദ്യം ചെയ്യുന്നവരെ പിന്നാമ്പുറത്തിരുന്ന് വേട്ടയാടുകയും ചെയ്യുന്ന സഭയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും സംഗമം അഭിപ്രായപ്പെട്ടു
മാനന്തവാടി: സിസ്റ്റര്‍ ലൂസി ഒറ്റയ്ക്കല്ല, മാനന്തവാടി രൂപതയോട് ജനങ്ങള്‍ക്കു ചിലത് പറയാനുണ്ട് എന്ന പ്രമേയത്തില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി. പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ. പി ജി ഹരി അധ്യക്ഷത വഹിച്ചു. ഡോ. ജെ ജെ പള്ളത്ത്, കെ എസ് ഹരിഹരന്‍, എ എന്‍ സലിംകുമാര്‍, കെ വി പ്രകാശ്, വര്‍ഗീസ് വട്ടേക്കാട്ടില്‍, അംബിക, ഷാന്റോലാല്‍ സംസാരിച്ചു. സിസ്റ്റര്‍ ലൂസി കളപ്പുരയെ ഒറ്റപ്പെടുത്തി ആക്രമിക്കാനും തെളികള്‍ നശിപ്പിച്ചും സാക്ഷികളെ ഭീഷണിപ്പെടുത്തിയും ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാന്‍ നടത്തുന്ന നീക്കങ്ങളെ പൊതുസമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നു ഐക്യദാര്‍ഢ്യ സംഗമം വ്യക്തമാക്കി. എഫ്‌സിസി സ്വതന്ത്ര കോണ്‍ഗ്രിഗേഷനാണെന്നു പറഞ്ഞ് കുറ്റവാളികളായ വൈദികരെ സംരക്ഷിക്കുകയും കുറ്റകൃത്യങ്ങളെ ചോദ്യം ചെയ്യുന്നവരെ പിന്നാമ്പുറത്തിരുന്ന് വേട്ടയാടുകയും ചെയ്യുന്ന സഭയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും സംഗമം അഭിപ്രായപ്പെട്ടു.